സ്പിൻ കെണിയിൽ വീഴ്ത്തി വരുൺ, തകർത്തടിച്ച് സാൾട്ട്; ഡൽഹിക്കെതിരെ കൊൽക്കത്തക്ക് 7 വിക്കറ്റ് ജയം

33 പന്തുകൾ നേരിട്ട സാൾട്ട് അഞ്ച് സിക്‌സറും ഏഴ് ഫോറും സഹിതം 68 റൺസ് നേടി.

Update: 2024-04-29 17:57 GMT
Editor : Sharafudheen TK | By : Sports Desk
Advertising

കൊൽക്കത്ത: ആദ്യം ബൗളർമാർ വരിഞ്ഞുമുറുക്കി. ബാറ്റർമാർ തകർത്തടിച്ച് ലക്ഷ്യമൊരുക്കി. ഡൽഹി ക്യാപിറ്റൽസിനെതിരെ സ്വന്തം തട്ടകമായ ഈഡൻ ഗാർഡനിൽ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഡൽഹിയുടെ വിജയലക്ഷ്യമായ 154 റൺസ് 16.3 ഓവറിൽ മറികടന്നു. അർധസെഞ്ച്വറി നേടിയ ഇംഗ്ലീഷ് താരം ഫിൽ സാൾട്ടാണ് കെകെആറിന് അനായാസ ജയമൊരുക്കിയത്. 33 പന്തുകൾ നേരിട്ട സാൾട്ട് അഞ്ച് സിക്‌സറും ഏഴ് ഫോറും സഹിതം 68 റൺസ് നേടി. ശ്രേയസ് അയ്യർ(23 പന്തിൽ 33), വെങ്കിടേഷ് അയ്യർ(23 പന്തിൽ 26) എന്നിവർ പുറത്താകാതെനിന്നു. ഡൽഹിക്കായി അക്‌സർ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ കൊൽക്കത്ത 12 പോയന്റുമായി രണ്ടാംസ്ഥാനത്ത് തുടരുന്നു. ആറാമതാണ് ഡൽഹി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി നായകൻ ഋഷഭ് പന്തിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ടോപ് ഓഡർ താരങ്ങളുടെ പ്രകടനം. വരുൺ ചക്രവർത്തി മാജികൽ സ്‌പെലുമായി ഈഡൻ ഗാർഡനിൽ മടങ്ങിയെത്തിയതോടെ തുടരെ വിക്കറ്റുകൾ വീണു. മികച്ച പിന്തുണയുമായി വിൻഡീസ് താരം സുനിൽ നരേനും പന്തെറിഞ്ഞു. നാല് ഓവറിൽ 16 റൺസ് വിട്ടുകൊടുത്താണ് വരുൺ മൂന്ന് ഡൽഹി താരങ്ങളെ തിരിച്ചയച്ചത്. ഒൻപതാമനായി ക്രീസിലെത്തിയ കുൽദീപ് യാദവിന്റെ ചെറുത്തുനിൽപാണ് ടീമിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 26 പന്തിൽ 35 റൺസുമായി പുറത്താകാതെനിന്ന കുൽദീപ് ടോപ് സ്‌കോററായി. കൊൽക്കത്ത നിരയിൽ വൈഭവ് അറോറ, ഹർഷിത് റാണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

റെക്കോർഡ് റൺ ചേസിന്റെ ഞെട്ടലിന് ശേഷം സ്വന്തം തട്ടകത്തിൽ ഇറങ്ങിയ കൊൽക്കത്തക്കായി ബൗളർമാർ മികച്ച പ്രകടനമാണ് നടത്തിയത്. പരിക്ക്മാറി കെകെആർ നിരയിലേക്കെത്തിയ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ആദ്യ പന്ത് ബൗണ്ടറി പായിച്ചാണ് ഡൽഹി ഇന്നിങ്സ് തുടങ്ങിയത്. ഓപ്പണിങിലേക്ക് തിരിച്ചെത്തിയ പൃഥ്വി ഷാ ബൗണ്ടറിയുമായി തുടങ്ങിയെങ്കിലും വൈഭവ് അറോറയുടെ പേസ് ബൗളിങിന് മുന്നിൽ കുടുങ്ങി. 7 പന്തിൽ 13 റൺസുമായി ഷാ മടങ്ങി. കഴിഞ്ഞ മത്സരങ്ങളിൽ ഡൽഹിക്കായി വെടിക്കെട്ട് പ്രകടനം നടത്തിയ ഫ്രേസർ മക്ഗർകിനെ മിച്ചൽ സ്റ്റാർക്ക് ഔട്ടാക്കി. ഉയർത്തിയടിച്ച ഓസീസ് താരത്തെ വെങ്കിടേഷ് അയ്യർ കൈപിടിയിലൊതുക്കി. അഭിഷേക് പൊരേൽ(18), ഷായ് ഹോപ്(6) എന്നിവരും മടങ്ങിയതോടെ പവർപ്ലെയിൽ സന്ദർശകർക്ക് നാല് വിക്കറ്റ് നഷ്ടമായി. ട്രിസ്റ്റൻ സ്റ്റബ്സിനേയും(4), കുമാർ കുശാഗ്രയേയും(1) ചക്രവർത്തി ഡഗൗട്ടിലെത്തിച്ചു. ഒരു ലൈഫ് കിട്ടിയെങ്കിലും മികച്ച ഇന്നിങ്സ് പടുത്തുയർത്താൻ ക്യാപ്റ്റൻ ഋഷഭ് പന്തിനുമായില്ല. 20 പന്തിൽ 27 റൺസിൽ നിൽക്കെ ചക്രവർത്തിയുടെ ഓവറിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് നൽകി മടങ്ങി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News