ദുരന്തറിന് കാരണം സ്റ്റുവർട്ട് ബിന്നി ; പ്രചരിക്കുന്ന വാർത്തകളിൽ എത്രത്തോളം സത്യമുണ്ട്?

Update: 2026-03-18 12:00 GMT

മുംബൈ : ഇന്ത്യൻ ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച ദുരന്തർ സിനിമക്ക് കാരണം മുൻ ഇന്ത്യൻ താരം സ്റ്റുവർട്ട് ബിന്നിയാണെന്ന് സോഷ്യൽ മീഡിയ. മലയാളി സംവിധായകൻ പ്രിയദർശന്റെ ഒരു അഭിമുഖമാണ് ഈ ചർച്ചകൾക്കെല്ലാം തുടക്കം കുറിക്കുന്നത്. ക്രിക്കറ്റിലെ രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് ഒരു ക്രിക്കറ്ററാവേണ്ടിയിരുന്ന സംവിധായകൻ ആദിത്യ ധാർ സിനിമ മേഖയിലെത്തിയത് എന്നായിരുന്നു പ്രിയദർശൻ അഭിമുഖത്തിൽ പറഞ്ഞത്. പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നത്.

അണ്ടർ 19 ടീമിൽ നിന്നാണ് ആദിത്യ ധാർ മാറ്റിനിർത്തപ്പെട്ടത് എന്നായിരുന്നു പ്രിയദർശൻ പറഞ്ഞത്, ഇതോടെ 2002ലെ അണ്ടർ 19 ലോകകപ്പ് ടീമിൽ ഇടംപിടിച്ച സ്റ്റുവർട്ട് ബിന്നിയാണ് ആദിത്യ ധാറിന് പകരം കയറിക്കൂടിയ തരാമെന്ന് സോഷ്യൽ മീഡിയ വിധിയെഴുതി. 1983 ലോകകപ്പ് ജേതാവും മുൻ ബിസിസിഐ പ്രസിഡന്റുമായ റോജർ ബിന്നിയുടെ മകനെന്ന പരിഗണയിലാണ് സ്റ്റുവർട്ട് ബിന്നി ടീമിൽ കയറിക്കൂടിയത് എന്നായിരുന്നു അവരുടെ വാദം. ലോകകപ്പിലെ താരത്തിന്റെ മോശം ഫോമും അവരതിന് ആധാരമാക്കി. 6 മത്സരങ്ങളിൽ നിന്ന് വെറും 34 റൺസും 2 വിക്കറ്റും മാത്രമായിരുന്നു ലോകകപ്പിൽ ബിന്നിയുടെ സമ്പാദ്യം. എങ്കിലും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വാർത്തകൾക്ക് യാതൊരു തെളിവും പുറത്തുവന്നിട്ടില്ല.

ക്രിക്കറ്റ് വിട്ട് സിനിമ മേഖലയിലേക്ക് കടന്ന ആദിത്യ സഹസംവിധായകൻ, ഗാനരചയിതാവ് തുടങ്ങിയ റോളുകളിലാണ് ആദ്യം എത്തുന്നത്. പിന്നീട് പ്രിയദർശന്റെ ഹിന്ദി സിനിമകളായ തേസ്, ആക്രോശ് എന്നിവയിൽ സംഭാഷണങ്ങൾ എഴുതുകയും ചെയ്തു. 2019ൽ ഉറി എന്ന സിനിമയിലൂടെ സംവിധാന രംഗത്ത് അരങ്ങേറി. 2025ൽ പുറത്തറിങ്ങിയ ദുരന്തർ ഏതാണ്ട് 1300 കോടിക്ക് മുകളിലാണ് സമ്പാദിച്ചത്. അടുത്ത ദിവസം വരാനിരിക്കുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. 

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News