സ്ത്രീയെ അപമാനിച്ച കേസ്; ഉണ്ണിമുകുന്ദന്‍റെ പുനഃപരിശോധനാ ഹരജി കോടതി തള്ളി

ഉണ്ണി മുകുന്ദന്‍റെ എറണാകുളത്തുള്ള ഫ്ലാറ്റില്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയെ ബലാത്സംഗത്തിനു ശ്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തുവെന്നാണ് കേസ്

Update: 2020-06-12 10:35 GMT
Advertising

എറണാകുളത്തെ ഫ്ലാറ്റിലെത്തിയ സ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ പുനഃപരിശോധനാ ഹരജി സെഷന്‍സ് കോടതി തള്ളി. ഉണ്ണി മുകുന്ദന്‍റെ എറണാകുളത്തുള്ള ഫ്ലാറ്റില്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയെ ബലാത്സംഗത്തിനു ശ്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തുവെന്നാണ് കേസ്. ഈ കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു. മജിസ്ട്രേറ്റ് കോടതിയാണ് വിടുതല്‍ ഹരജി തള്ളിയത്. ഈ നടപടി ചോദ്യം ചെയ്താണ് എറണാകുളം സെഷന്‍സ് കോടതിയില്‍ പുനപരിശോധനാ ഹരജി നല്‍കിയത്. എന്നാല്‍ പുനപരിശോധനാ ഹരജി അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

2017 ഓഗസ്റ്റ് 23 നാണ് കേസിനാസ്പദമായ സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്. വിയന്നയില്‍ താമസമാക്കിയ മലയാളി യുവതിയുടെ സ്വകാര്യ അന്യായത്തിലാണ് കേസ് എടുത്തിട്ടുള്ളത്. പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴി പൂര്‍ണമായി എടുത്തിട്ടില്ലെന്നും തനിക്ക് പരാതിക്കാരിയെ ക്രോസ് വിസ്താരം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ ഈ കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും ചൂണ്ടികാട്ടിയായിരുന്നു ഉണ്ണി മുകുന്ദന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ വിടുതല്‍ ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ പ്രാഥമികമായി ഈ കേസില്‍ തെളിവുണ്ടെന്നുള്ള മജിസ്ട്രേറ്റ് കോടതിയുടെ കണ്ടെത്തല്‍ ശരിവെച്ചാണ് എറണാകുളം സെഷന്‍സ് കോടതി പുനപരിശോധനാ ഹരജി തള്ളിയത്.

Tags:    

Similar News