'പുഷ്പ പുഷ്പ'; പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്

ചിത്രം ആഗസ്റ്റ് 15-ന് തീയറ്ററുകളിലേക്ക്

Update: 2024-05-01 12:45 GMT

ആരാധകരുടെയും സിനിമാപ്രേമികളുടെയും കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സുകുമാര്‍ സംവിധാനം ചെയ്യുന്ന ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2-വിലെ ആദ്യ ഗാനം പുറത്തിറങ്ങി. ലോക തൊഴിലാളി ദിനമായ മെയ് 1-നാണ് ഗാനം പുറത്തിറങ്ങിയത്.

'നിന്റെ കയ്യാണ് നിന്റെ ബ്രാൻഡ്' എന്ന ടാഗ് ലൈനോടെ എത്തിയ 'പുഷ്പ പുഷ്പ' എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവിശ്രീ പ്രസാദാണ്. വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് തെലുങ്കിലും തമിഴിലും നകാഷ് അസീസ്‌ & ദീപക് ബ്ലൂ, മലയാളത്തിൽ രഞ്ജിത്ത് കെ.ജി, ഹിന്ദിയിൽ മിക്കാ സിങ്ങ് & ദീപക് ബ്ലൂ, കന്നഡയിൽ വിജയ്‌ പ്രകാശ്, ബംഗാളിയിൽ തിമിര്‍ ബിശ്വാസ് എന്നിവരാണ്.

Advertising
Advertising

ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഉതകുന്ന തരത്തിലുള്ള ഗാനമാണ് ദേവിശ്രീ പ്രസാദ് ഒരുക്കിയിരിക്കുന്നത്. 2024 ആഗസ്റ്റ്‌ 15-നാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക.

2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു.

മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷണത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു ചിത്രം.

രണ്ടാം ഭാഗത്തില്‍ എന്ത് സംഭവിക്കും എന്ന ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ചുകൊണ്ടവസാനിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പ: ദ റൂള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് 'പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്.

ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവിശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈൻ: എസ്. രാമകൃഷ്ണ, എൻ. മോണിക്ക, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News