'ആരാകും ആ കൊലയാളി?': പൃഥിരാജ് നായകനായ കോള്‍ഡ് കേസിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

കോള്‍ഡ് കേസ് അടക്കം ആറ് സിനിമാ-സീരീസുകളാണ് ഈ മാസം ആമസോണ്‍ പ്രൈം റിലീസ് ചെയ്യുന്നത്

Update: 2021-06-17 12:24 GMT
Editor : ijas
Advertising

പൃഥിരാജ് നായകനായ സസ്പെന്‍സ് ക്രൈം ത്രില്ലര്‍ കോള്‍ഡ് കേസിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നേരത്തെ തിയേറ്റര്‍ റിലീസ് ആലോചിച്ചിരുന്ന സിനിമ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമാശാലകള്‍ അടഞ്ഞു കിടന്നതോടെയാണ് ഒ.ടി.ടി റിലീസ് ഉറപ്പിച്ചത്. ചിത്രം ജൂണ്‍ 30ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. കോള്‍ഡ് കേസ് അടക്കം ആറ് സിനിമാ-സീരീസുകളാണ് ഈ മാസം ആമസോണ്‍ പ്രൈം റിലീസ് ചെയ്യുന്നത്. സിനിമാ-സീരീസുകളുടെ റിലീസ് തിയതികള്‍ ഉള്‍പ്പെടുന്ന ടീസര്‍ ആമസോണ്‍ പുറത്തിറക്കി. 

Full View

ഏറെ നാളുകള്‍ക്ക് ശേഷം പൃഥിരാജ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കോള്‍ഡ് കേസ്. നേരത്തെ സത്യം, മുംബൈ പൊലീസ് എന്നീ ചിത്രങ്ങളിലെ പൃഥിരാജിന്‍റെ പൊലീസ് വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതി വിദഗ്ധമായ കൊലപാതകവും അതിലെ കുറ്റവാളിയെയും തേടിയുള്ള പൊലീസ് കഥയാണ് കോള്‍ഡ് കേസെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 

പരസ്യചിത്ര നിർമ്മാണ മേഖലയിൽ സജീവമായ നവാഗതനായ തനു ബാലക് സംവിധാനം ചെയ്ത കോള്‍ഡ് കേസില്‍ അതിഥി ബാലനാണ് നായിക. ശ്രീനാഥിന്‍റെ തിരക്കഥക്ക് ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർ‍ന്നാണ് ഛായാഗ്രഹണം. കലാസംവിധാനം അജയൻ ചാലിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളര്‍ ബാദുഷ. നിർമ്മാണം ആന്‍റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീ‍ർ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. 'ഇരുള്‍' എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന് ശേഷം മൂവരും നിര്‍മിക്കുന്ന ചിത്രമാണ് 'കോള്‍ഡ് കേസ്'. 

  

Editor - ijas

contributor

Similar News