തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാന്‍ വിപി സാനുവിന് തുക കൈമാറി കര്‍ഷക സംഘടനകള്‍

ഡൽഹിയിൽ സമരം നയിക്കുന്ന കർഷകരാണ് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക സാനുവിന് കൈമാറിയത്.

Update: 2021-03-16 10:17 GMT
Advertising

എസ്.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷന്‍ വിപി സാനുവിന് മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കൈമാറി കർഷക സംഘടനകൾ. കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദമായ കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഡൽഹിയിൽ സമരം നയിക്കുന്ന കർഷകരാണ് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക സാനുവിന് കൈമാറിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെ സാനു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്നുള്ള മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലാണ് സിപിഎം സ്ഥാനാര്‍ഥിയായി വി.പി സാനു മത്സരിക്കുന്നത്. എസ്.എഫ്.ഐ ദേശീയ അധ്യക്ഷനും സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ സാനു 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മലപ്പുറത്ത് നിന്ന് മത്സരിച്ചിരുന്നു..

ഇന്നലെ രാത്രിയാണ് ഡൽഹിയിൽ നിന്നും വിജുവേട്ടൻ വിളിക്കുന്നത്. തെരഞ്ഞെടുപ്പ് വിശേഷങ്ങൾ അന്വേഷിച്ചറിയുന്നതിനിടെയാണ് എനിക്ക്...

Posted by V P SANU on Tuesday, March 16, 2021

ബിഹാറിലെയും പഞ്ചാബിലെയും കർഷക സംഘടന നേതാക്കളിൽ നിന്ന് സാനുവിന് കെട്ടിവെക്കാനുള്ള തുക അഖിലേന്ത്യ കിസാൻസഭ ഭാരവാഹികളായ വിജു കൃഷ്ണനും കൃഷ്ണപ്രസാദും ആണ് ഏറ്റുവാങ്ങിയത്. കർഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി വിപി സാനു അടക്കമുള്ള വിദ്യാര്‍ഥി നേതാക്കള്‍ സമരത്തിൽ പങ്കെടുത്തിരുന്നു. ഇതിന് ഐക്യദാർഢ്യമറിയിച്ചാണ് വിപി സാനുവിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറാൻ കർഷക സംഘടനകൾ തീരുമാനിച്ചത്.

നിയമസഭയിലേക്ക് മത്സരിക്കുന്നതിന്‍റെ ഭാഗമായി കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ചതിനെ തുടർന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2019-ൽ കുഞ്ഞാലിക്കുട്ടിയോട് 2,60,153 വോട്ടിന് തോറ്റെങ്കിലും ശക്തമായ പ്രചരണത്തിലൂടെ സാനു മണ്ഡലത്തിലെ പുതുവോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുഞ്ഞാലിക്കുട്ടി 5,89,873 വോട്ട് സ്വന്തമാക്കിയപ്പോൾ സാനു 3,29,720 വോട്ട് നേടി. 2014-ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ സൈനബ നേടിയതിനേക്കാൾ 86,736 വോട്ട് അധികം നേടാൻ 2019-ൽ സാനുവിന് കഴിഞ്ഞു.

2019 തെരഞ്ഞെടുപ്പിലെ പ്രചരണ പരിചയമുള്ള വി.പി സാനുവിന്‍റെ സാന്നിധ്യവും നിലവിലെ രാഷ്ട്രീയ സാഹചര്യവും മലപ്പുറത്ത് മുതലെടുക്കാൻ കഴിയുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്. നിർണായ ബില്ലുകളിൽ ചർച്ചകൾ നടക്കുമ്പോൾ കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ എത്താതിരുന്നത് എൽ.ഡി.എഫ് കഴിഞ്ഞ തവണ പ്രചരണത്തിൽ ചർച്ചാവിഷയമാക്കിയിരുന്നു. ഇത്തവണ, കാലാവധി പൂർത്തിയാകുംമുമ്പ് മുസ്‍ലിം ലീഗ് എം.പി രാജിവെച്ച് മടങ്ങിയത് എൽ.ഡി.എഫ് സജീവ ചർച്ചാവിഷയമാക്കിയേക്കും.

Tags:    

Similar News