ഇതെന്ത് ഗോൾ? അൽജീരിയക്ക് കപ്പ് സമ്മാനിച്ചത് രണ്ടാം മിനുട്ടിലെ വിചിത്ര ഗോൾ 

ദൗർഭാഗ്യം കൊണ്ടാണ് ഫൈനലിൽ തോറ്റതെന്നും നന്നായി കളിച്ചത് തന്റെ ടീമായിരുന്നു എന്നുമാണ് സെനഗൽ കോച്ച് അലിയു സിസ്സെ മത്സരശേഷം പറഞ്ഞത്. 

Update: 2019-07-20 08:42 GMT
Advertising

കെയ്‌റോ: ആഫ്രിക്കൻ നാഷൻസ് കപ്പിൽ സെനഗലിനെ തോൽപ്പിച്ച് അൽജീരിയ ചാമ്പ്യന്മാരായപ്പോൾ ചർച്ചയായത് മത്സരത്തിന്റെ ഗതി നിർണയിച്ച 'വിചിത്ര' ഗോൾ. രണ്ടാം മിനുട്ടിൽ ബഗ്ദാദ് ബൂനദ്ജ തൊടുത്ത ബോക്‌സിനു പുറത്തുനിന്ന് തൊടുത്ത ഷോട്ട് സെനഗൽ ഡിഫന്റർ സാലിഫ് സാനെയുടെ കാൽ തട്ടി ഉയർന്ന് വലയിലേക്ക് തൂങ്ങിയിറങ്ങുകയായിരുന്നു. പന്ത് പുറത്തേക്കു പോകുമെന്നു വിശ്വസിച്ച് ഗോൾകീപ്പർ ആൽഫ്രഡ് ഗോമിസ് നോക്കിനിൽക്കെയായിരുന്നു ക്രോസ്ബാറിനെ തൊട്ടുരുമ്മിയെന്നവണ്ണം പന്ത് ഗോൾലൈൻ കടന്നത്.

ഗോൾ തിരിച്ചടിക്കാൻ സെനഗൽ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 64 ശതമാനം പന്ത് സ്വന്തം ആധിപത്യത്തിലായിട്ടും അൽജീരിയയുടെ പ്രതിരോധം ഭേദിക്കാൻ സദിയോ മാനെക്കും സംഘത്തിനുമായില്ല. രണ്ടാം പകുതിയിൽ സെനഗലിന്റെ ക്രോസിനിടെ ബോക്‌സിൽ വെച്ച് അൽജീരിയൻ താരം അദ്‌ലിൻ ഗദിയൂറയുടെ വലതുകൈയിൽ പന്ത് തട്ടിയപ്പോൾ കാമറൂൺകാരൻ റഫറി നിയന്ത് അലിയും പെനാൽട്ടി വിധിച്ചു. പക്ഷേ, വാർ പരിശോധനയിൽ, പന്ത് തട്ടുമ്പോൾ കൈ ശരീരത്തോട് ചേർന്നുനിൽക്കുകയായിരുന്നു എന്നുകണ്ട് പെനാൽട്ടി നിഷേധിക്കുകയായിരുന്നു.

ദൗർഭാഗ്യം കൊണ്ടാണ് ഫൈനലിൽ തോറ്റതെന്നും നന്നായി കളിച്ചത് തന്റെ ടീമായിരുന്നു എന്നുമാണ് സെനഗൽ കോച്ച് അലിയു സിസ്സെ മത്സരശേഷം പറഞ്ഞത്. സോഷ്യൽ മീഡിയയുടെ പൊതു അഭിപ്രായവും മറിച്ചായിരുന്നില്ല.

Tags:    

Similar News