റിയല്‍ ബെറ്റിസ് പരിശീലകനെ പുറത്താക്കി

കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചതിനുശേഷം പുനരാരംഭിച്ച ലാലിഗയിലെ അവസാനത്തെ മൂന്ന് കളിയിലും റിയല്‍ ബെറ്റിസിന് ജയിക്കാനായിരുന്നില്ല...

Update: 2020-06-21 12:14 GMT
Advertising

കോവിഡ് ഇടവേളക്കുശേഷം ആരംഭിച്ച ലാലിഗയില്‍ ആദ്യമായി ഒരു പരിശീലകന് സ്ഥാനം നഷ്ടമായി. റിയല്‍ ബെറ്റിസ് പരിശീലകനായ റൂബിയെയാണ് നീക്കിയത്. ഇടവേളക്കു ശേഷം നടന്ന മൂന്ന് കളിയിലും റിയല്‍ ബെറ്റിസിന് ജയിക്കാനായിരുന്നില്ല.

ആദ്യ മത്സരത്തില്‍ സെവില്ലയോട് 2-0ത്തിന് തോറ്റ റിയല്‍ ബെറ്റിസ് ഗ്രാനെഡയോട് 2-2ന് സമനില വഴങ്ങുകയും അത്‌ലറ്റികോ ബില്‍ബാവോയോട് 1-0ത്തിന് തോല്‍ക്കുകയും ചെയ്തിരുന്നു. ബില്‍ബാവോക്കെതിരായ മത്സരത്തില്‍ സെര്‍ജിയോ കനാലെസ് പെനല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നലെ നടന്ന മത്സരത്തിനുശേഷം ഞായറാഴ്ച്ചയാണ് പരിശീലനകനെ നീക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. പരിശീലകന്റെ ചുമതല സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ അലക്‌സിസ് ട്രൂജിലോക്ക് കൈമാറിയിട്ടുണ്ട്. ഇനി എട്ട് മത്സരങ്ങളാണ് സീസണില്‍ റിയല്‍ ബെറ്റിസിന് ബാക്കിയുള്ളത്.

ക്വിക്വി സെറ്റിയന്‍ ബാഴ്‌സലോണ പരിശീലകനായി പോയപ്പോല്‍ കഴിഞ്ഞ ജനുവരിയിലാണ് റൂബിയെ റിയല്‍ ബെറ്റിസ് പരിശീലകനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ സീസണില്‍ എസ്പാനിയോളിനെ ഏഴാം സ്ഥാനത്തെത്തിക്കാന്‍ റൂബിക്ക് സാധിച്ചിരുന്നു. റിയല്‍ ബെറ്റിസ് കളിച്ച 30 മത്സരങ്ങളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. ഇതില്‍ റയല്‍ മാഡ്രിഡിനെതിരായ 2-1ന്റെ വിജയമാണ് ഏറ്റവും മികച്ചു നില്‍ക്കുന്നത്.

Tags:    

Similar News