യുഎഇയില്‍ കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രം നിര്‍മിച്ചാല്‍ കര്‍ശന ശിക്ഷ

Update: 2018-04-22 20:18 GMT
യുഎഇയില്‍ കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രം നിര്‍മിച്ചാല്‍ കര്‍ശന ശിക്ഷ
Advertising

കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുന്നതും, വിതരണം ചെയ്യുന്നതും, കൈവശം വെക്കുന്നതും പത്തുലക്ഷം ദിര്‍ഹം പിഴയും, പത്ത് വര്‍ഷം വരെ തടവും ലഭിക്കുന്ന കുറ്റമാണ്

യുഎഇയില്‍ കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രം നിര്‍മിച്ചാല്‍ കര്‍ശന ശിക്ഷ നല്‍കുന്ന ശിശു സംരക്ഷണ നിയമത്തിന് അന്തിമരൂപമായി. കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുന്നതും, വിതരണം ചെയ്യുന്നതും, കൈവശം വെക്കുന്നതും പത്തുലക്ഷം ദിര്‍ഹം പിഴയും, പത്ത് വര്‍ഷം വരെ തടവും ലഭിക്കുന്ന കുറ്റമാണ്.

കഴിഞ്ഞവര്‍ഷം യുഎഇ സ്വദേശിയായ എട്ടുവയസുകാരി വദീമ പിതാവിന്റെയും കാമുകിയുടെയും പീഡനത്തിന് ഇരയായി മരിച്ചതിനെ തുടര്‍ന്ന് നിലവില്‍ വന്ന വദീമ നിയമത്തില്‍ 75 പുതിയ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് ശിശു സംരക്ഷണ നിയമത്തിന് അന്തിമരൂപം നല്‍കിയത്. കുട്ടിയുടെ ചുമതലയുള്ളവര്‍ അവരുടെ അശ്ലീലചിത്രങ്ങള്‍ നിര്‍മിച്ചാല്‍ പത്തുലക്ഷം ദിര്‍ഹം പിഴയും പത്തുവര്‍ഷം തടവും ശിക്ഷ ലഭിക്കും. ഇരയുടെ പ്രായത്തെ കുറിച്ച് അറിയില്ല എന്ന വാദം പുതിയ നിയമപ്രകാരം നിലനില്‍ക്കില്ല. കുട്ടികളുടെ മാന്യമല്ലാത്ത ചിത്രം പകര്‍ത്തിയതായാലും മറ്റു രീതിയില്‍ നിര്‍മിച്ചതായാലും ശിക്ഷ ലഭിക്കും. പകര്‍ത്തുന്നവര്‍ മാത്രമല്ല ഇവ വിതരണം ചെയ്യുന്നവരും കൈവശം വെക്കുന്നവരും കുടുങ്ങും. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ടെലികോം കമ്പനികള്‍ അക്കാര്യം അധികൃതരെ അറിയിക്കണം. ഇത്തരം സൈറ്റുകളെ കുറിച്ചും മറ്റ് ഇന്റര്‍നെറ്റ് സംവിധാനങ്ങളെ കുറിച്ചും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാല്‍ ടെലികോം കമ്പനിയുടെ ചുമതലയുള്ളവര്‍ക്കും ആറുമാസത്തെ തടവ് ലഭിക്കും. ഒരുലക്ഷം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയുമുണ്ടാകും. കുട്ടികളെ ദ്രോഹിക്കുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്താല്‍ 50,000 ദിര്‍ഹം വരെ പിഴലഭിക്കും. കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്യാത്തതിനും, സ്കൂളില്‍ ചേര്‍ക്കാതിരിക്കുന്നതിനും രക്ഷിതാക്കള്‍ക്കും ശിക്ഷയുണ്ട്. 5,000 ദിര്‍ഹമാണ് പിഴ. കുട്ടികളെ ഉപേക്ഷിച്ചാലും ഇതേ ശിക്ഷ ലഭിക്കും. കുട്ടികളുടെ അവകാശലംഘനം തടയാന്‍ പുതിയ നിയമത്തിന് കഴിയുമെന്ന് ശിശുസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News