മസ്കത്ത് അടക്കം ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ

താപനില താഴ്ന്നതിനെ തുടർന്ന് മസ്കത്ത് അടക്കമുള്ള സ്ഥലങ്ങളിൽ കടുത്ത തണുപ്പും അനുഭവപ്പെടുന്നുണ്ട്.

Update: 2020-01-15 19:37 GMT
Advertising

കാലാവസ്ഥാ പ്രവചനം ശരിവെച്ച് മസ്കത്ത് അടക്കം ഒമാെൻറ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. താപനില താഴ്ന്നതിനെ തുടർന്ന് മസ്കത്ത് അടക്കമുള്ള സ്ഥലങ്ങളിൽ കടുത്ത തണുപ്പും അനുഭവപ്പെടുന്നുണ്ട്. ദിവസങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഒമാനിൽ മഴ വീണ്ടുമെത്തുന്നത്.

മസ്കത്തിന് പുറമെ മുസന്ദം, ബാത്തിന, ദാഖിലിയ, തെക്കൻ ശർഖിയ, ഹജർ പർവത നിരകളുടെ കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങൾ എന്നിവിടങ്ങളിലും മഴ ലഭിച്ചു. മഴ നാളെയും തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ചൊവ്വാഴ്ച രാത്രി മുസന്ദം ഗവർണറേറ്റിലാണ് മഴ ആദ്യം തുടങ്ങിയത്. ഇന്ന് രാവിലെ മുതൽ മസ്കത്ത് മേഖലകളിൽ തുടങ്ങിയ മഴ ക്രമേണ ശക്തിപ്പെട്ടു. ഇത് പലയിടങ്ങളിലും വെള്ളക്കെട്ടിന് കാരണമായി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് മസ്കത്ത് നഗരത്തിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്.

സീബ് വിലായത്തിലെ മബേല സനയ്യ അടക്കം വിവിധ ഭാഗങ്ങളിൽ വാദികൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് റോഡുകളിൽ ഗതാഗം നിലച്ചു. വീടുകളിൽ കുടുങ്ങിയ 18 പേരെ രക്ഷിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. സുഹാർ അടക്കം ബാത്തിന മേഖലയുടെ വിവിധയിടങ്ങളിലും ശക്തമായ മഴയാണ് ഉണ്ടായത്. മസ്കത്ത് എക്സ്പ്രസ്‍വേയിൽ ഹൽബാൻ പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. പൊതു അവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായതിനാൽ വലിയ തോതിൽ വാഹനങ്ങൾ മസ്കത്ത് ഭാഗത്തേക്ക് എത്തിയത ഗതാഗത കുരുക്കിന് വഴിയൊരുക്കി.

Tags:    

Similar News