ഗൾഫിൽ കോവിഡ് ബാധിതര്‍ മൂവായിരം കവിഞ്ഞു

സാമൂഹിക വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയും ഒമാനും മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കി.

Update: 2020-03-28 18:59 GMT
Advertising

കോവിഡ് 19 സ്ഥിരീകരിച്ച ഖത്തറിലും സൌദിയിലും ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ച് ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. രോഗികളുടെ എണ്ണത്തിലും വർധനയുണ്ട്. വിവിധ ഗൾഫ് രാജ്യങ്ങളിലായി 228 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം മൂവായിരം കവിഞ്ഞു.

ഒരാൾ കൂടി മരിച്ച സൗദിയിൽ കോവിഡ് മരണം നാലായി. ഖത്തറിലാകെട്ട ആദ്യ കോവിഡ് മരണമാണ്. ബഹ്റൈനിൽ നാലും യു.എ.ഇയിൽ രണ്ടും പേർ നേരത്തെ കോവിഡ് മൂലം മരണപ്പെട്ടിരുന്നു.

സൗദിയിൽ 99ഉം യു.എ.ഇയിൽ 63ഉം ഒമാനിൽ 21ഉം ഖത്തറിൽ 28ഉം കുവൈത്തിൽ 10ഉം ബഹ്റൈനിൽ ഏഴും കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. യു.എ.ഇയിൽ സ്ഥിരീകരിച്ച 63 രോഗികളിൽ മുപ്പതും ഇന്ത്യക്കാരാണ്. കോവിഡിൻെറ സാമൂഹിക വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയും ഒമാനും മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കി.

മദീനയില്‍ ഹറമിനോട് ചേര്‍ന്ന പ്രധാന ആറ് മേഖലകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തിലായി. 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാനാണ് പ്രദേശത്തെ ജനങ്ങളോട് നിർദേശിച്ചിരിക്കുന്നത്.

രാജ്യത്ത് രോഗം സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 152 ആയ സാഹചര്യത്തിൽ നിയന്ത്രണ നടപടികളും ശക്തമാക്കി.

യു.എ.ഇയിൽ സമഗ്ര അണുനശീകരണ യജ്ഞം ഏപ്രിൽ 5 വെ്ര നീട്ടി. . അടിയന്തരാവശ്യങ്ങൾക്ക് അനുമതി നേടാതെ റോഡിൽ ഇറങ്ങുന്നത് സർക്കാർ വിലക്കിയിട്ടും അത് ലംഘിക്കാൻ മുതിർന്ന നൂറുകണക്കിന് വാഹനങ്ങൾക്ക് അധികൃതർ കനത്ത ഫൈൻ ചുമത്തി.

നിരീക്ഷണം നിർദേശിക്കപ്പെട്ടവർ അതു ലംഘിച്ചാൽ 50,000 ദിർഹമാണ് ഫൈൻ. ഒമാനിലും നിരീക്ഷണ നടപടികൾ ലംഘിക്കുന്നവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്തിൽ ടാക്സി സർവീസുകളും അനിശ്ചിതകാലത്തേക്ക് നിർത്തി. കുവൈത്തിൽ പ്രഖ്യാപിച്ച ഒരു മാസത്തെ പൊതുമാപ്പ് നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാർക്ക് ഗുണം ചെയ്യും.

സന്ദർശക വിസാ കാലാവധി തീർന്നവർക്ക് ഒമാൻ എല്ലാ സംരക്ഷണവും വാഗ്ദാനം ചെയ്തു. ഖത്തറിൽ ഭക്ഷ്യസ്ഥാപനങ്ങൾ, ഫാർമസികൾ ഒഴികെ സ്ഥാപനങ്ങൾ അടച്ചിടാനാണ് തീരുമാനം. കുവൈത്തിലും സൗദിയിലും ഏർപ്പെടുത്തിയ രാത്രികാല കർഫ്യു ലംഘിച്ച നിരവധി പേർക്കെതിരെ നിയമ നടപടി ആരംഭിച്ചു. ദുബൈയിൽ ഫ്രീസോൺ കമ്പനികൾക്ക് 6 മാസത്തെ വാടക ഇളവ് പ്രഖ്യാപിച്ചു.

Tags:    

Similar News