ഖത്തറില്‍ പുറം ജോലികളിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്കുള്ള നിര്‍ബന്ധിത ഉച്ച വിശ്രമ സമയം നിലവില്‍ വന്നു

സെപ്തംബര്‍ 15 വരെയാണ് വേനല്‍ക്കാലത്തേക്കുള്ള പ്രത്യേക തൊഴില്‍ സമയത്തിന്‍റെ കാലാവധി

Update: 2021-06-02 02:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഖത്തറില്‍ പുറം ജോലികളിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്കുള്ള നിര്‍ബന്ധിത ഉച്ച വിശ്രമ സമയം നിലവില്‍ വന്നു. സെപ്തംബര്‍ 15 വരെയാണ് വേനല്‍ക്കാലത്തേക്കുള്ള പ്രത്യേക തൊഴില്‍ സമയത്തിന്‍റെ കാലാവധി. ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനായി മന്ത്രാലയം ഉദ്യോഗസ്ഥര്‍ തൊഴിലിടങ്ങളില്‍ പരിശോധനകള്‍ നടത്തും.

ചൂട് കനത്തോടെയാണ് ഖത്തറില്‍ മധ്യാഹ്ന വിശ്രമ സമയം ഇക്കുറി നേരത്തെ നടപ്പാക്കുന്നത്. ഓഫീസുകള്‍ക്കകത്തല്ലാതെ പുറം ജോലികളിലേര്‍പ്പെടുന്ന എല്ലാ തൊഴിലാളികള്‍ക്കും രാവിലെ പത്ത് മുതല്‍ ഉച്ച തിരിഞ്ഞ് 3.30 വരെ നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്‍റെ ഉത്തരവ്. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവ് സെപ്തംബര്‍ 15 വരെ നീണ്ടുനില്‍ക്കും. താരതമ്യേന ചൂട് കൂടുതലായതിനാല്‍ ഇക്കുറി രണ്ട് മണിക്കൂര്‍ അധിക വിശ്രമമാണ് അനുവദിച്ചിരിക്കുന്നത്.

നിര്‍ബന്ധിത വിശ്രമസമയം പരിഗണിച്ചായിരിക്കണം സ്ഥാപനങ്ങളും തൊഴിലുടമകളും തൊഴിലാളികളുടെ ഈ കാലയളവിലെ പ്രവൃത്തി സമയം ക്രമീകരിക്കേണ്ടത്. ഇതനുസരിച്ച് പുതുക്കിയ ഷെഡ്യൂള്‍ തൊഴിലിടങ്ങളില്‍ എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ പതിപ്പിച്ചിരിക്കണമെന്നും മന്ത്രാലയത്തിന്‍റെ ഉത്തരവുണ്ട്. കൂടാതെ തൊഴിലിടങ്ങളില്‍ ഏത് സമയം സൌജന്യ കുടിവെള്ളം ലഭ്യമാക്കല്‍, ചൂട് മൂലമുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാനുള്ള പരിശീലനം നല്‍കല്‍‍, തൊഴില്‍മേഖലകളില്‍ തണലൊരുക്കാനുള്ള സജ്ജീകരണം, ചൂടില്‍ നിന്നും രക്ഷ നേടുന്നതിനുള്ള വസ്ത്രങ്ങളോ യൂണിഫോമുകളോ അനുവദിക്കല്‍, ദേഹാസ്വാസ്ഥ്യങ്ങളുണ്ടായാല്‍ പ്രഥമശുശ്രൂഷ നല്‍കാനുള്ള സംവിധാനം തയ്യാറാക്കല്‍, താപനില കൃത്യമായി അളക്കാനുള്ള സംവിധാനം സജ്ജീകരിക്കല്‍, വെബ് ബള്‍ബ് ഗ്ലോബ് ടെംപറേച്ചല്‍ സൂചിക അനുസരിച്ച് 32.1 ഡിഗ്രി കടന്നാല്‍ ജോലി നിര്‍ത്തിവെക്കല്‍ തുടങ്ങി നിര്‍ദേശങ്ങളും തൊഴിലുടമകള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങളെല്ലാം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തൊഴിലിടങ്ങളില്‍ പരിശോധനകള്‍ നടത്തും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പിഴ, പ്രവൃത്തി നിര്‍ത്തിവെക്കല്‍ തുടങ്ങി ശിക്ഷകള്‍ ലഭിക്കും.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News