ഖത്തറില്‍ സ്വകാര്യ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മരുന്ന് നല്‍കിയ സംഭവം: അധ്യാപികയെ പിരിച്ചുവിട്ടു

കഴിഞ്ഞ ദിവസമാണ് ഖത്തറിലെ ഒരു സ്വകാര്യ സ്കൂളില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക ഗുളികകള്‍ നല്‍കിയെന്ന പരാതി പുറത്തുവന്നത്. പരീക്ഷ സമ്മര്‍ദം കുറയ്ക്കാനുള്ള മയക്കുഗുളികകളാണ് നല്‍കിയതെന്നായിരുന്നു വാര്‍ത്ത

Update: 2021-11-24 17:24 GMT
Editor : rishad | By : Web Desk
Advertising

ഖത്തറില്‍ സ്വകാര്യ സ്കൂളില്‍ അനുമതിയില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് മരുന്ന് നല്‍കിയ സംഭവത്തില്‍ കുറ്റക്കാരിയായ അധ്യാപികയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഖത്തറിലെ ഒരു സ്വകാര്യ സ്കൂളില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക ഗുളികകള്‍ നല്‍കിയെന്ന പരാതി പുറത്തുവന്നത്. പരീക്ഷ സമ്മര്‍ദം കുറയ്ക്കാനുള്ള മയക്കുഗുളികകളാണ് നല്‍കിയതെന്നായിരുന്നു വാര്‍ത്ത. സംഭവം ശ്രദ്ധയില്‍പെട്ട വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അധ്യാപികയില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും സ്കൂള്‍ അധികാരികളില്‍ നിന്നും മൊഴിയെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് അധ്യാപികയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി മന്ത്രാലയം അറിയിച്ചത്.

ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണിതെന്നും അന്വേഷണ വിവരങ്ങള്‍ ആഭ്യന്ത്ര മന്ത്രാലയത്തിന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. ഗുളികകള്‍ ലബോറട്ടറിയില്‍ പരിശോധനാ വിധേയമാക്കിയെന്നും ലഹരി വസ്തുക്കളോ മറ്റ് നിരോധിത വസ്തുക്കളോ ഗുളികയില്‍ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. രക്ഷിതാക്കളുടെ അനുമതിയോട് കൂടി സ്‌കൂള്‍ നഴ്‌സിന് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് മരുന്ന് നല്‍കാന്‍ അനുമതിയുള്ളു എന്നതാണ് ചട്ടം. എന്നാല്‍ ഈ സ്കൂള്‍ ഏതാണെന്ന കാര്യം മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News