മാസങ്ങളായി മോര്‍ച്ചറിയിലുള്ള മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ഔദ്യോഗിക രേഖകളൊന്നും കയ്യിലില്ലാത്തതിനാല്‍ മൃതദേഹം തിരിച്ചറിയാനാകാതെ ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു

Update: 2021-11-09 07:59 GMT
Editor : ubaid | By : Web Desk
Advertising

അജ്മാന്‍ : മാസങ്ങളായി ഷാര്‍ജ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ആഗസ്റ്റിലാണ് ഇദ്ദേഹം മരണപ്പെടുന്നത്. ഔദ്യോഗിക രേഖകളൊന്നും കയ്യിലില്ലാത്തതിനാല്‍ മൃതദേഹം തിരിച്ചറിയാനാകാതെ ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ ഫോട്ടോയും അബ്ദുൽ സത്താർ തുണ്ടി കണ്ടിയിൽ പോക്കർ എന്ന പേരും മാത്രമാണ് ലഭ്യമായിരുന്നത്. കഴിഞ്ഞ ദിവസം യാദൃശ്ചികമായി വിവരം അറിഞ്ഞ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ്‌ താമരശ്ശേരി ഇദ്ദേഹത്തെക്കുറിച്ച് തിരക്കി ഫെയിസ് ബുക്കില്‍ പോസ്റ്റ്‌ ഇടുകയായിരുന്നു.തിങ്കളാഴ്ച്ച രാത്രി ഫെയിസ് ബുക്ക് പോസ്റ്റ്‌ പുറത്ത് വന്ന് ഒരു മണിക്കൂറിനകം ആളുകള്‍ ഇദ്ദേഹത്തെ തിരിച്ചറിയുകയായിരുന്നു.

കോഴിക്കോട് മംഗലാട് സ്വദേശിയാണ് അബ്ദുൽ സത്താർ എന്ന് തിരിച്ചറിഞ്ഞ ആളുകള്‍ യു.എ.ഇയില്‍ തന്നെയുള്ള അകന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തിന് ഭാര്യയും പത്ത് വയസായ ഒരു മകനുമുണ്ട് നാട്ടില്‍. ആളെ തിരിച്ചറിഞ്ഞതോടെ മൃതദേഹം ഉടന്‍ നാട്ടിലയക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിച്ചതായി അഷറഫ് താമരശ്ശേരി അറിയിച്ചു.അബൂദാബിയിലെ ഒരു കഫ്തീരിയയില്‍ ജോലി ചെയ്ത് വന്നിരുന്ന ഇദ്ദേഹത്തിന്‍റെ വിസ രണ്ട് വര്‍ഷം മുന്‍പ് ക്യാന്‍സല്‍ ചെയ്തിരുന്നു. പിന്നീട് എവിടെയാണ് ജോലി ചെയ്തിരുന്നത് എന്നതിനെക്കുറിച്ച് കുറിച്ച് വിവരമില്ലായിരുന്നു. ഷാര്‍ജയില്‍ കണ്ടിരുന്നതായി ചില സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ഇദ്ദേഹം നാട്ടില്‍ വന്നു പോയിട്ട് അഞ്ച് വര്‍ഷത്തോളമായതായാണ് ബന്ധുക്കള്‍ പറയുന്നത്.

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News