തറാവീഹ് നമസ്‌കരിക്കുന്നതിനിടെ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദുത്വവാദികളുടെ മര്‍ദനം

മത മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Update: 2024-03-17 03:40 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഗാന്ധിനഗര്‍: തറാവീഹ് നമസ്‌കരിക്കുന്നതിനിടെ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദുത്വവാദികളുടെ മര്‍ദനം. അഫ്ഗാനിസ്ഥാന്‍, ആഫ്രിക്ക, ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്ന് ഗുജറാത്ത് സര്‍വ്വകലാശാലയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്.

സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍ എ ബ്ലോക്ക് കെട്ടിടത്തില്‍ ഹോസ്റ്റല്‍ അഡ്മിനിസ്ട്രേഷന്‍ അനുവദിച്ച സ്ഥലത്ത് റമദാന്‍ തറാവീഹ് നമസ്‌കരിക്കുന്നതിനിടെയായിരുന്നു സംഭവം. നമസ്‌കരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയും കല്ലെറിയുകയും ചെയ്തതിനു പുറമേ വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. മത മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു ആക്രമണം.

ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങളും ജയ്ശ്രീറാം വിളികളുമായാണ് സംഘം എത്തിയതെന്നും ക്രിക്കറ്റ് ബാറ്റ്, കത്തി, കല്ല്, മറ്റ് ആയുധങ്ങള്‍ എന്നിവ ഇവര്‍ കയ്യില്‍ കരുതിയിരുന്നതായും വിദ്യാര്‍ത്ഥികളെ ഉദ്ധരിച്ച് മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികള്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

യൂണിവേഴ്‌സിറ്റി കാമ്പസിനകത്തോ ഹോസ്റ്റല്‍ പരിസരത്തോ പള്ളികളില്ലാത്തതിനാല്‍ കൃത്യസമയത്ത് പ്രാര്‍ത്ഥന നടത്താന്‍ വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയ താല്‍ക്കാലിക വഴിയാണ് ഹോസ്റ്റല്‍ അനുവദിച്ച സ്ഥലത്ത് നമസ്‌കരിക്കുക എന്നതെന്നും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 12 മുസ്ലീം വിദ്യാര്‍ത്ഥികളാണ് ഇവിടെ നമസ്‌കരിക്കാനെത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി മക്തൂബ് റിപ്പോര്‍ട്ട് ചെയ്തു.

കാവിഷാളുകള്‍ ധരിച്ചെത്തിയ ചിലര്‍ തങ്ങളെ തള്ളിമാറ്റുകയും ആരാണ് അവിടെ പ്രാര്‍ത്ഥിക്കാന്‍ അനുവദിച്ചതെന്നും ഹോസ്റ്റലില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ അവരുടെ ചോദ്യം മനസിലായില്ലെന്നും ഉത്തരം നല്‍കുന്നതിനു മുന്‍പ് തന്നെ അക്രമിക്കാന്‍ തുടങ്ങിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഹോസ്റ്റലിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അവരെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

പൊലീസിനെ വിളിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് എത്തിയത്. പൊലീസ് സൈറണ്‍ ശബ്ദം കേട്ട് ചില അക്രമികള്‍ ഓടിപോയതായും പരിസരത്തുണ്ടായിരുന്ന ചിലരെ പൊലീസ് വെറുതെ വിട്ടയച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.



Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News