'മറ്റ് വഴികളില്ലാതെ റെയിൽവെ ബോർഡ് ചെയർമാന്‍റെ കാല് പിടിക്കേണ്ടി വന്നു'; വെളിപ്പെടുത്തലുമായി 'വന്ദേ ഭാരത്' ശിൽപി സുധാംശു മണി

'ഞങ്ങളുടെ അവകാശവാദം വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നാണ് അവർ കരുതിയിരുന്നത്'

Update: 2023-03-18 15:11 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസ് പ്രോജക്ട് നടപ്പിലാക്കുന്നതിന്  വേണ്ടി റെയിൽവെ മന്ത്രാലയത്തിൽ നിന്നും നേരിടേണ്ടി വന്ന അഗ്‌നിപരീക്ഷകൾ തുറന്നു പറഞ്ഞ് പദ്ധതിയുടെ മുഖ്യ സൂത്രധാരൻ സുധാംശു മണി. പദ്ധതിക്ക് അംഗീകാരം ലഭിക്കാൻ അന്നത്തെ റെയിൽവേ ബോർഡ് ചെയർമാന്റെ കാല് പിടിച്ച് അപേക്ഷിക്കേണ്ടി വന്നെന്നും സുധാംശുമണി  'ദൈനിക് ഭാസ്‌കറിന്' നല്‍കിയ  അഭിമുഖത്തിൽ പറഞ്ഞു. 38 വർഷത്തെ അനുഭവപരിചയമുള്ള റിട്ടയേർഡ് മെക്കാനിക്കൽ എഞ്ചിനീയറായ സുധാംശു മണിയാണ് ഇന്ത്യയിലെ ആദ്യത്തെ ആധുനിക സെമി-ഹൈ സ്പീഡ് ട്രെയിനായ 'വന്ദേ ഭാരത് എക്സ്പ്രസിന്റെ സൂത്രധാരൻ.

''ട്രെയിൻസെറ്റ് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാൻ ചെലവാകുന്നതിന്റെ മൂന്നിലൊന്ന് ചെലവിൽ ലോകോത്തര ട്രെയിൻ വികസിപ്പിക്കുമെന്ന ഞങ്ങളുടെ  അവകാശവാദത്തെ മന്ത്രാലയ ഉദ്യോഗസ്ഥർ സംശയിച്ചു. ഞങ്ങളുടെ അവകാശവാദം വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നാണ് അവർ കരുതിയിരുന്നത്,'' സുധാംശുമണി പറഞ്ഞു. എല്ലാ വഴികളും അടഞ്ഞപ്പോൾ ഞാൻ റെയിൽവേ ബോർഡ് ചെയർമാനെ സമീപിച്ചു. വിദേശത്ത് നിന്ന് അത്തരം ഒരു ട്രെയിൻ ഇറക്കുമതി ചെയ്യുന്നതിന്റെ മൂന്നിലൊന്ന് ചെലവിൽ ഐസിഎഫ് ടീമിന് ലോകോത്തര ട്രെയിൻ നിർമ്മിക്കാൻ കഴിയുമെന്ന് ഉറപ്പുനൽകി.' അദ്ദേഹം പറയുന്നു.

''ഏകദേശം 14 മാസത്തിനുള്ളിൽ ചെയർമാൻ വിരമിക്കും. അതുകൊണ്ട് തന്നെ അനുമതി കിട്ടാൻ കള്ളം പറയേണ്ടി വന്നു. റിട്ടയർമെന്റിന് മുമ്പ് ഈ ട്രെയിൻ തയ്യാറാകുമെന്നും അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്യുമെന്നും ഞങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ജോലി പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു, ''സുധാംശു മണി  കൂട്ടിച്ചേർത്തു.

' എത്ര ശ്രമിച്ചിട്ടും അംഗീകാരം ലഭിച്ചില്ല.ഒടുവിൽ മറ്റ് വഴികളില്ലാതെ റെയിൽവെ ചെയർമാന്റെ കാല് പിടിക്കേണ്ടിവന്നു. പദ്ധതിക്ക് അനുമതി നൽകിയാൽ മാത്രമേ പോകാൻ അനുവദിക്കൂ എന്നും പറഞ്ഞപേക്ഷിച്ചു..' അദ്ദേഹം കൂട്ടിച്ചേർത്തു. അവസാനം, ഈ ട്രെയിൻ നിർമ്മിക്കാൻ ഞങ്ങൾക്ക് അനുമതി ലഭിച്ചു. അംഗീകാരം ലഭിച്ചയുടൻ ടീം ഒന്നടങ്കം അതിനുള്ള പ്രവർത്തനം ആരംഭിച്ചു. ഇതൊരു പ്രൊജക്ടായിരുന്നു. അതിനൊരു പേര് വേണമായിരുന്നു അങ്ങനെയാണ് 'ട്രെയിൻ 18' എന്ന് പേരിട്ടത്. ഞങ്ങളുടെ കഠിനാധ്വാനം കൊണ്ട് 18 മാസം കൊണ്ട് ഒരു ട്രെയിൻ ഉണ്ടാക്കി, അത് വിദേശത്ത് നിർമ്മിക്കാൻ 3 വർഷമെടുക്കും. പിന്നീട് ഇതിന് 'വന്ദേ ഭാരത്' എന്ന് പേരിട്ടു.' സുധാംശു മണി പറഞ്ഞു.

ട്രെയിൻ കോച്ചുകളുടെ ഏറ്റവും വലിയ നിർമ്മാതാക്കളിൽ ഒന്നായ കോച്ച് ഫാക്ടറിയായ ഐസിഎഫിൽ നിന്ന് സുധാംശു മണി വിരമിച്ചപ്പോഴേക്കും രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പുറത്തിറക്കിയിരുന്നു. അടുത്ത 4-5 വർഷത്തിനുള്ളിൽ ഇന്ത്യൻ റെയിൽവേ ട്രാക്കുകളിൽ 300 വന്ദേ ഭാരത് ട്രെയിനുകൾ ഓടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ സെമി-ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. ഓട്ടോമാറ്റിക് ഡോറുകൾ, ജിപിഎസ് അധിഷ്ഠിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, ഓൺബോർഡ് വൈ-ഫൈ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളോടെയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ട്രെയിനിന് പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്ററാണ്.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News