'ഫത്തേപൂർ സിക്രി ദർഗ കാമാഖ്യദേവി ക്ഷേത്രം'; അവകാശവാദവുമായി അഭിഭാഷകൻ, കേസ്

മുഗൾ ഭരണകാലത്ത് ജീവിച്ച സൂഫി ഗുരു സലീം ചിഷ്തിയുടെ ദർഗയിലാണ് അവകാശവാദവുമായി ആഗ്ര സ്വദേശിയായ അഡ്വ. അജയ് പ്രതാപ് സിങ് രംഗത്തെത്തിയിരിക്കുന്നത്

Update: 2024-05-10 05:02 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ ഫത്തേപൂർ സിക്രി ദർഗ ക്ഷേത്രമായിരുന്നുവെന്ന് അവകാശവാദവുമായി അഭിഭാഷകൻ. മുഗൾ ഭരണകാലത്ത് ജീവിച്ച സൂഫി ഗുരു സലീം ചിഷ്തിയുടെ ദർഗയിലാണ് അവകാശവാദവുമായി ആഗ്ര സ്വദേശിയായ അഡ്വ. അജയ് പ്രതാപ് സിങ് രംഗത്തെത്തിയിരിക്കുന്നത്. ദർഗ മുൻപ് കാമാഖ്യദേവി ക്ഷേത്രമായിരുന്നുവെന്നു വാദിച്ച് ആഗ്രയിലെ സിവിൽ കോടതിയിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ദർഗ കാമാഖ്യദേവിയുടെ ശ്രീകോവിലായിരുന്നുവെന്നാണ് അജയ് പ്രതാപ് വാദിക്കുന്നത്. ഇക്കാര്യം ആഗ്രയിലെ സിവിൽ കോടതി അംഗീകരിച്ചിട്ടുണ്ടെന്നും പറയുന്നു. ദർഗയോട് ചേർന്നുള്ള ജമാമസ്ജിദിനു താഴെ ശ്രീകൃഷ്ണ വിഗ്രഹമുണ്ടെന്നും അവകാശവാദമുണ്ട്. ഫത്തേപൂർ സിക്രി നഗരം മുഗൾ ചക്രവർത്തിയായ അക്ബർ നിർമിച്ചതല്ലെന്നും മുൻപ് വിജയ്പൂർ സിക്രിയായിരുന്നു ഈ സ്ഥലമെന്നും ഇദ്ദേഹം അവകാശപ്പെട്ടു.

നിലവിൽ പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിലാണ് ദർഗ പ്രവർത്തിക്കുന്നത്. മുൻപ് ആർക്കിയോളജി സൂപ്രണ്ടായിരുന്ന ഡി.ബി ശർമയുടെ നേതൃത്വത്തിൽ ദർഗയിലും പരിസരത്തും ഉത്ഖനനങ്ങൾ നടന്നിരുന്നു. ഇതിൽ 1000 എ.ഡിയിലെ ഹിന്ദു-ജൈന കരകൗശലവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്ന് അജയ് പ്രതാപ് പറഞ്ഞു. പള്ളിയുടെ തൂണുകളിലും മേൽക്കൂരയിലുമെല്ലാം ഹിന്ദു ശിൽപങ്ങളുണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് ഓഫിസറായ ഇ.ബി ഹോവൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നുമെല്ലാം ഇദ്ദേഹത്തിന്റെ വാദങ്ങൾ പോകുന്നു.

1527ൽ നടന്ന ഖാൻവ യുദ്ധത്തിന്റെ കാലത്ത് സിക്രി രാജാവായിരുന്ന റാവു ധാംദേവ് കാമാഖ്യദേവിയുടെ പ്രാണപ്രതിഷ്ഠ ചെയ്ത വിഗ്രഹം ഗാസിപൂരിലെ സുരക്ഷിതമായ സ്ഥാനത്തേക്കു മാറ്റുകയായിരുന്നുവെന്ന് അജയ് പ്രതാപ് വാദിച്ചു. ഇക്കാര്യം ചരിത്രത്തിലുള്ളതാണെന്നും സ്ഥലത്തെ ക്ഷേത്രത്തിന്റെ വേരുകൾ വ്യക്തമാക്കുന്നതാണ് ഇതെല്ലാമെന്നും ഇദ്ദേഹം പറയുന്നു. ഒരിക്കൽ ക്ഷേത്രമായി നിർമിക്കപ്പെട്ട നിർമിതിയുടെ രൂപം മാറ്റാൻ പറ്റില്ലെന്നാണ് നിയമം പറയുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

കേസിൽ ആഗ്ര സിവിൽ കോടതി ജഡ്ജിയായിരുന്ന മൃത്യുഞ്ജയ് ശ്രീവാസ്തവ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയച്ചിരുന്നു. നേരത്തെ ജമാമസ്ജിദിനു താഴെ ശ്രീകൃഷ്ണ വിഗ്രഹമുണ്ടെന്നു വാദിച്ചും ഇദ്ദേഹം കോടതിയിൽ ഹരജി നൽകിയിരുന്നു. ആസ്ഥാന മാതാ കാമാഖ്യ, ആര്യ സംസ്‌കൃതി പ്രിസർവേഷൻ ട്രസ്റ്റ്, യോഗേശ്വർ ശ്രീകൃഷ്ണ കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ വികാസ് ട്രസ്റ്റ് എന്നിവരും കേസിൽ പരാതിക്കാരായി കക്ഷി ചേർന്നിട്ടുണ്ട്. യു.പി സുന്നി വഖഫ് ബോർഡും സലീം ചിഷ്തി ദർഗ-ജമാമസ്ജിദ് കമ്മിറ്റിയും കേസിൽ കക്ഷികളാണ്.

Summary: Agra lawyer claims ancient Hindu Goddess Kamakhya temple below Fatehpur Sikri Dargah, files case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News