തമിഴ്‌നാട്ടിൽ മുസ്ലിം ലീഗിന്റെ സീറ്റുകൾ തീരുമാനമായി

പരമ്പരാഗതമായി ലീഗ് മത്സരിക്കുന്ന തിരുപ്പത്തൂർ ജില്ലയിലെ ഒരു സീറ്റ് നൽകണമെന്ന ആവശ്യം പരിഗണിച്ചാണ് വാണിയമ്പാടി നൽകിയത്.

Update: 2021-03-11 09:05 GMT
Advertising

ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ യൂണിയൻ ലീഗ് മത്സരിക്കുന്ന സീറ്റുകൾ തീരുമാനമായി. സിറ്റിങ് സീറ്റായ കടയനല്ലൂരിനു പുറമെ വാണിയമ്പാടി, ചിദംബരം സീറ്റുകളിലാവും ലീഗ് ജനവിധി തേടുക. ലീഗ് നൽകിയ പട്ടികയിൽ നിന്നുള്ള സീറ്റുകളാണ് ഡി.എം.കെ നൽകിയിരിക്കുന്നത്.

ചൊവ്വാഴ്ച നടന്ന ഡി.എം.കെയുമായുള്ള ചർച്ചയിൽ സിറ്റിങ് സീറ്റായ കടയനല്ലൂരും തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി, ആമ്പൂർ മണ്ഡലങ്ങളിലെ ഏതെങ്കിലുമൊന്നും പാപനാശം, ചിദംബരം, തിരുവാടാണൈ, തിരുച്ചി കിഴക്ക്, ചെന്നൈ ജില്ലയിലെ ഒരു മണ്ഡലം എന്നിവയിൽ ഏതെങ്കിലുമൊന്നും നൽകണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. പരമ്പരാഗതമായി ലീഗ് മത്സരിക്കുന്ന തിരുപ്പത്തൂർ ജില്ലയിലെ ഒരു സീറ്റ് നൽകണമെന്ന ആവശ്യം പരിഗണിച്ചാണ് വാണിയമ്പാടി നൽകിയത്. ഈ ജില്ലയിൽ ആമ്പൂരിനാണ് ലീഗ് പ്രാമുഖ്യം നൽകിയിരുന്നതെങ്കിലും തങ്ങളുടെ സിറ്റിങ് സീറ്റ് വിട്ടുനൽകാൻ ഡി.എം.കെ തയ്യാറായില്ല.

2016-ൽ വാണിയമ്പാടി, കടയനല്ലൂർ, പൂംപുഹർ, വില്ലുപുരം, മണപ്പാറൈ സീറ്റുകളിലാണ് ലീഗ് മത്സരിച്ചിരുന്നത്. ഇതിൽ കടയനല്ലൂർ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥികളോട് തോറ്റു. കടയനല്ലൂരിൽ ലീഗിന്റെ മുഹമ്മദ് അബൂബക്കർ കെ.എ.എം അണ്ണാ ഡി.എം.കെയുടെ ഷെയ്ഖ് ദാവൂദിനെ 1194 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. ഇത്തവണയും കടയനല്ലൂരില്‍ മുഹമ്മദ് അബൂബക്കറിനെ തന്നെ ലീഗ് നിര്‍ത്താനാണ് സാധ്യത.

61 സീറ്റുകളാണ് ഇതുവരെ ഡി.എം.കെ സഖ്യകക്ഷികൾക്കായി നൽകിയിരിക്കുന്നത്. ഇത്തവണ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിച്ച ഡി.എം.കെ 173 സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണറിയുന്നത്. 25 സീറ്റുള്ള കോൺഗ്രസ് ആണ് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി. സി.പി.ഐ, സി.പി.എം, എം.ഡി.എം.കെ, വി.സി.കെ കക്ഷികൾക്ക് ആറ് വീതവും മുസ്ലിം ലീഗ്, എം.കെ.ഡി.കെ കക്ഷികൾക്ക് മൂന്ന് വീതവും എം.എം.കെക്് രണ്ടും സീറ്റുകൾ അനുവദിച്ചിട്ടുണ്ട്.

Tags:    

Similar News