സനല്‍കുമാര്‍ കൊലക്കേസ്: ഒരാഴ്ചയായിട്ടും ഡി.വൈ.എസ്.പി ഹരികുമാറിനെ കണ്ടെത്താനാകാതെ പൊലീസ്

പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനാണ് സനലിന്റെ കുടുംബത്തിന്റെ തീരുമാനം.

Update: 2018-11-11 02:16 GMT
Advertising

നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലക്കേസില്‍ തുമ്പില്ലാതെ പൊലീസ് യുവാവ് കൊല്ലപ്പെട്ട് ഏഴു ദിവസമാകുമ്പോഴും പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനാണ് സനലിന്റെ കുടുംബത്തിന്റെ തീരുമാനം. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഇയാള്‍ ഒളിവില്‍ പോയെന്നു കരുതുന്ന മേഖലകളില്‍ അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല. പ്രതി കീഴടങ്ങുമെന്ന് പൊലീസ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ഉണ്ടായിട്ടില്ല. ഹരികുമാറിനെ അറസ്റ്റു ചെയ്യാനുള്ള നീക്കത്തിലാണെന്നാണ് അന്വഷണ സംഘം പറയുന്നത്. ഹരികുമാറിന്റെയും രക്ഷപ്പെടാന്‍ സഹായിച്ച ബിനുവിന്‍റെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. സാക്ഷികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

Full View

എന്നാല്‍ പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിയാത്ത അന്വേഷണ സംഘത്തോട് സഹകരിക്കേണ്ടെന്ന നിലപാടിലാണ് സനലിന്റെ കുടുംബവും ആക്ഷന്‍ സമിതിയും. കോടതിയുടെ മേല്‍നോട്ടത്തിലേ സി.ബി.ഐ അന്വേഷണമോ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഐ.പി.എസ് ഉദ്ദ്യോഗസ്ഥന്‍ നേരിട്ട് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടും. ആക്ഷന്‍ കമ്മറ്റിയാണ് ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുക. സനലിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ശിപാര്‍ശ നല്‍കാന്‍ ഡി.ജി.പിയും തീരുമാനിച്ചിട്ടുണ്ട്. അറസ്റ്റ് വൈകുന്നതില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. വി.എസ്.ഡി.പിയുടെ നേതൃത്വത്തില്‍ ഇന്ന് പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ചും നടത്തുന്നുണ്ട്.

Tags:    

Similar News