വീരേന്ദ്രകുമാറിന് എൽ.ഡി.എഫിലേക്ക് വരുന്നതിൽ തടസ്സങ്ങളില്ലെന്ന് സി.പി.എം

Update: 2018-06-01 15:49 GMT
Editor : Ubaid
വീരേന്ദ്രകുമാറിന് എൽ.ഡി.എഫിലേക്ക് വരുന്നതിൽ തടസ്സങ്ങളില്ലെന്ന് സി.പി.എം
Advertising

ജെ.ഡി.യു ബന്ധം ഉപേക്ഷിക്കാനും എം.പി സ്ഥാനം രാജിവെക്കാനും എം.പി വീരേന്ദ്രകുമാർ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇടതുമുന്നണി വിപുലീകരണ ചർച്ചകൾ സി.പി.എം സജീവമാക്കിയത്

വീരേന്ദ്രകുമാർ വിഭാഗത്തിന് എൽ.ഡി.എഫിലേക്ക് വരുന്നതിൽ തടസ്സങ്ങളില്ലെന്ന് സി.പി.എം. ഇക്കാര്യത്തിൽ മുന്നണിക്കുളളിൽ ഭിന്നതയില്ലെന്ന് സി.പി.എം സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നാണ് സി.പി.എം നിലപാട്.

ജെ.ഡി.യു ബന്ധം ഉപേക്ഷിക്കാനും എം.പി സ്ഥാനം രാജിവെക്കാനും എം.പി വീരേന്ദ്രകുമാർ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇടതുമുന്നണി വിപുലീകരണ ചർച്ചകൾ സി.പി.എം സജീവമാക്കിയത്. ഇതു സംബന്ധിച്ച ഗൌരവമേറിയ ചർച്ചകൾ രണ്ട് ദിവസം നീണ്ട സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടായെന്നാണ് സൂചന. വീരേന്ദ്രകുമാർ വിഭാഗത്തിന് എൽ.ഡി.എഫിലേക്ക് വരുന്നതിന് തടസസമില്ലെന്നാണ് സെക്രട്ടറിയേറ്റിൻറെ വിലയിരുത്തൽ. നേരത്തെ എൽ.ഡി.എഫിലുണ്ടായിരുന്നവരാണ് വീരേന്ദ്രകുമാർ വിഭാഗം. ഇക്കാര്യത്തിൽ മുന്നണിക്കുളളിൽ എതിരഭിപ്രായില്ലെന്നതും നേതൃത്വം പരിഗണിച്ചു. എന്നാൽ വീരേന്ദ്രകുമാർ നിലപാട് പ്രഖ്യാപിച്ച ശേഷമേ മുന്നണി വിപുലീകരണത്തിൽ അന്തിമ തീരുമാനം എടുക്കുകയുളളു. ഞായറാഴ്ച ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ ഇതു സംബന്ധിച്ച തുടർ ചർച്ചകൾ ഉണ്ടാവും. അതേ സമയം കേരള കോൺഗ്രസിൻറെ എൽ.ഡി.എഫ് പ്രവേശം സെക്രട്ടറിയേറ്റ് യോഗത്തിൽ കാര്യമായ ചർച്ചയായില്ലെന്നാണ് സൂചന. മാണി വിഭാഗത്തെ മുന്നണിയിലെടുക്കുന്നതിൽ സിപിഐ ഉൾപ്പടെയുളള കക്ഷികൾ ഉയർത്തുന്ന എതിർപ്പും ബാർ കോഴ ആരോപണവും പരിഗണിക്കേണ്ടി വരുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെയും വിലയിരുത്തൽ. മുന്നണിക്കുളളിൽ കൂട്ടായ ചർച്ച നടത്തിയ ശേഷം കേരളകോൺഗ്രസിനോടുളള നിലപാട് പ്രഖ്യാപിക്കാനാണ് സെക്രട്ടറിയേറ്റിൻറെ തീരുമാനം.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News