മാനദണ്ഡങ്ങൾക്കനുസരിച്ച് മാത്രമേ രോഗികളെ നിർണയിക്കൂ എന്ന് സര്‍ക്കാര്‍: എൻഡോസൾഫാൻ ചർച്ച പരാജയപ്പെട്ടു

സെക്രട്ടറിയേറ്റ് പടിക്കലെ സമരം തുടരുന്ന ദുരിതബാധിതരുടെ അമ്മമാർ ഞായറാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തും

Update: 2019-02-01 16:42 GMT
Advertising

സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരം തുടരുമെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി. സര്‍ക്കാര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ പഞ്ചായത്ത് അതിരുകള്‍ ബാധകമാക്കരുതെന്ന പ്രധാന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് സമരസമിതി പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഞായറാഴ്ച സമരസമിതി സങ്കടയാത്ര നടത്തും.

Full View

അനർഹരെന്ന് മുദ്രകുത്തിയ 3547 പേരെ പട്ടികയിൽ ഉൾപെടുത്തണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ നേരത്തേ നിശ്ചയിച്ച മാനദണ്ഡങ്ങൾ മാറ്റാനാകില്ലെന്ന് റവന്യൂ മന്ത്രി പറഞ്ഞു. 3 ലക്ഷം രൂപവരെയുള്ള കടബാധ്യത എഴുതിതള്ളാൻ 4.63 കോടി അനുവദിച്ചു. പുനരധിവാസത്തിന് 68 കോടി മുടക്കി ഗ്രാമപദ്ധതി നടപ്പാക്കും. ദുരിത ബാധിതരുടെ കുടുംബാംഗത്തിന് ജോലി നൽകുന്ന കാര്യം ചർച്ച ചെയ്യണമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി.

ദുരിത ബാധിതരെ നിർണയിക്കാൻ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്ന സർക്കാർ തീരുമാനമൊഴിച്ച് കാര്യങ്ങളിൽ മാത്രമേ വിട്ടുവീഴ്ചക്ക് തയ്യാറുള്ളു എന്നാണ് സമര സമിതിയുടെ നിലപാട്.

സെക്രട്ടറിയേറ്റ് പടിക്കലെ സമരം തുടരുന്ന ദുരിതബാധിതരുടെ അമ്മമാർ ഞായറാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്താനും തീരുമാനിച്ചു. സമസമിതിയുമായുള്ള ചർച്ചയിൽ ആരോഗ്യമന്ത്രി കെകെ ശൈലജയും പങ്കെടുത്തു.

Tags:    

Similar News