കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച ഫാ. ജെയിംസ് എർത്തയിലിനെതിരെ കുറ്റപത്രം സമർപ്പിച്ചു

സാക്ഷികളെ സ്വാധീനിക്കൽ , ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Update: 2019-03-26 02:07 GMT
Advertising

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗിക പീഡന കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച ഫാദർ ജെയിംസ് എർത്തയിലിനെതിരെ കുറ്റപത്രം സമർപ്പിച്ചു. സാക്ഷികളെ സ്വാധീനിക്കൽ , ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.ക്രൈംബ്രാഞ്ചാണ് പാലാ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്.

Full View

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ സാക്ഷികളെ സ്വാധീനിക്കാൻ ഫാദര്‍ ജെയിംസ് ഏര്‍ത്തയില്‍ ശ്രമിച്ചിരുന്നു . പ്രധാന സാക്ഷികളിൽ ഒരാളായ സിസ്റ്റർ അനുപമയെ ഫോണിൽ വിളിച്ചാണ് ഫാദർ ഏർത്തയിൽ സ്വാധീനിക്കാൻ ശ്രമിച്ചത് . കാഞ്ഞിരപ്പള്ളിയിൽ 10 ഏക്കർ സ്ഥലവും മഠവും നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇത് നിഷേധിച്ച കന്യാസ്ത്രീ ഫോൺ സംഭാഷണം പുറത്തുവിട്ടു. ഇതോടെയാണ് ഫാദർ എർത്തയിലിനെതിരെ പൊലീസ് കേസെടുത്തത്. തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിൽ വിശദമായ അന്വേഷണം നടത്തിയാണ് ഇപ്പോള്‍ പാലാ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നാല് കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഫോൺ സംഭാഷണം അടക്കം കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസ് അടുത്ത ദിവസം കോടതി പരിഗണിക്കും. ഫോൺവിളി വിവാദമായ സാഹചര്യത്തിൽ കുര്യനാട് ആശ്രമത്തിന്റെ ചുമതലയിൽ നിന്നും ഫാദർ ജെയിംസ് എർത്തയിലിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ ഏർത്തയിൽ കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് കീഴടങ്ങുകയായിരുന്നു. പിന്നീട് കോടതി എർത്തയിലിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

Tags:    

Similar News