ലീഗിനെതിരെ രൂപീകരിച്ച ജനകീയ വികസന മുന്നണി കൂട്ടായ്മയില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറി

വികസന മുന്നണിയുടെ ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ച നാല് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നു

Update: 2019-04-09 02:58 GMT
Advertising

മുസ്ലീംലീഗിനെതിരെ തിരൂരങ്ങാടി മണ്ഡലത്തില്‍ രൂപീകരിച്ച ജനകീയ വികസന മുന്നണിയെന്ന കൂട്ടായ്മയില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറി. വികസന മുന്നണിയുടെ ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ച നാല് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നു. പൊന്നാനി മണ്ഡലത്തിലെ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകളുടെ ഫോര്‍മുല അനുസരിച്ചാണ് കോണ്‍ഗ്രസിന്റെ പിന്മാറ്റം.

Full View

കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തുടങ്ങി നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് ജനകീയ വികസന മുന്നണിയെന്ന കൂട്ടായ്മയില്‍ നിന്നാണ് കോണ്‍ഗ്രസ് പുറത്ത് വന്നത്. മുസ്ലീംലീഗിന്‍റെ കോട്ടയായ പരപ്പനങ്ങാടി നഗരസഭയിലെ 45 സീറ്റില്‍ 18ഉം നേടിയായിരുന്നു ജനകീയ വികസന മുന്നണി വരവ് അറിയിച്ചത്. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അന്ന് വി‌ദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബിനെ എല്‍.ഡി.എഫിന് വേണ്ടി നേരിട്ടത് വികസന മുന്നണിയുടെ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തായിരുന്നു.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30,208 വോട്ടിന് ജയിച്ച അബ്ദുറബ്ബ് നിയാസ് പുളിക്കലകത്തിനോട് കഴിഞ്ഞ തവണ വിജയിച്ചത് വെറും 6043 വോട്ടിനാണ്. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇ.ടി മുഹമ്മദ് ബഷീറിന് 23,367 വോട്ട് ഭൂരിപക്ഷം നല്‍കിയ തിരൂരങ്ങാടി മണ്ഡലത്തിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ലീഗ് മുന്‍കയ്യെടുത്തതോടെ കോണ്‍ഗ്രസ് അയയുകയായിരുന്നു.

വികസന മുന്നണി ടിക്കറ്റില്‍ മത്സരിച്ച ഹനീഫ കൊടപ്പാടി, ബി.പി സുഹാസ്, ടി.പി നഫീസു, ഭവ്യരാജ് എന്നീ നഗരസഭ അംഗങ്ങളാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ഇവര്‍ക്കൊപ്പം ലീഗിനോട് അകന്ന് നിന്നിരുന്ന കോണ്‍ഗ്രസ് നേതാക്കളും, പ്രവര്‍ത്തകരും ഇ.ടി മുഹമ്മദ് ബഷീറിന് വേണ്ടിയുള്ള പ്രചരണ പ്രവര്‍ത്തനത്തില്‍ സജീവമായിട്ടുണ്ട്.

Tags:    

Similar News