പി.വി അന്‍വറിന്റെ പ്രചരണം വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് മലപ്പുറം ജില്ലാ കമ്മിറ്റി

എല്‍.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ പി.വി അന്‍വറിന്റെ പ്രചാരണം വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.

Update: 2019-04-14 02:53 GMT
Advertising

എല്‍.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ പി.വി അന്‍വറിന്റെ പ്രചരണം വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് താനൂര്‍ മണ്ഡലത്തിലെ നേതാക്കളുടെ യോഗം ജില്ലാ കമ്മിറ്റി പ്രത്യേകം വിളിച്ചു. നിയമസഭയിലേക്ക് ലഭിച്ച ഭൂരിപക്ഷത്തെക്കാള്‍ 2000 വോട്ടെങ്കിലും പി.വി അന്‍വറിന് കൂടുതല്‍ ഉണ്ടായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം മന്ത്രി കെ.ടി ജലീലിന് സംസ്ഥാന നേത്യത്വം നല്‍കിയിട്ടുണ്ട്. പൊന്നാനി മണ്ഡലത്തില്‍ സി.പി.എം ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന നിയമസഭാ മണ്ഡലങ്ങള്‍ തവനൂരും,പൊന്നാനിയും,താനൂരും,ത്യത്താലയുമാണ്. ഇതില്‍ പല മണ്ഡലങ്ങളിലും പി.വി അന്‍വറിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലന്നാണ് ജില്ലാ നേത്യത്വത്തിന്റെ വിലയിരുത്തല്‍‍.

പ്രചാരണത്തില്‍ ഏറ്റവും പിന്നില്‍ താനൂര്‍ മണ്ഡലമാണന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മണ്ഡലത്തിലുള്ള പ്രധാനപ്പെട്ട സി.പി.എം നേതാക്കളുടെ യോഗം ജില്ലാ കമ്മിറ്റി പ്രത്യേകം വിളിച്ച് ചേര്‍ത്തിരുന്നു. മന്ത്രി കെ.ടി ജലീലിന്റെ തവനൂര്‍ മണ്ഡലത്തില്‍ പ്രചാരണം സജീവമല്ലന്ന വിലയിരുത്തലും നേതാക്കള്‍ക്കുണ്ട്. ഈ വിഷയങ്ങളടക്കമുള്ള കാര്യങ്ങള്‍ ജില്ലാ നേതാക്കള്‍ സംസ്ഥാന നേത്യത്വത്തെ അറിയിച്ചു.ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും,സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണനും കെ.ടി ജലീലുമായും,വി അബ്ദുറഹ്മാനുമായും സംസാരിച്ചതായാണ് വിവരം.

നിയമസഭയിലേക്ക് കിട്ടിയ ഭൂരിപക്ഷത്തില്‍ നിന്ന് 2000 വോട്ടിന്റെ വര്‍ദ്ധനവെങ്കിലും തവനൂര്‍ മണ്ഡലത്തില്‍ നിന്ന് ഉണ്ടാവണമെന്ന നിര്‍ദ്ദേശം കെ.ടി ജലീലിന് മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണ താനൂരില്‍ നിന്ന് ലഭിച്ച ഭൂരിപക്ഷം പി.വി അന്‍വറിന് ഉണ്ടാവണമെന്നാണ് വി അബ്ദുറഹ്മാനോട് സംസ്ഥാനം നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. വളരെ കുറച്ച് പൊതുയോഗങ്ങളില്‍ മാത്രം പങ്കെടുത്ത മന്ത്രി കെ.ടി ജലീല്‍ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ ഒരു വാക്ക് പോലും സംസാരിക്കുന്നില്ലന്ന പരാതിയും താഴെതട്ടില്‍ നിന്ന് നേതൃത്വത്തിന് മുമ്പില്‍ എത്തിയിട്ടുണ്ട്.

Full View
Tags:    

Similar News