കാര്യക്ഷമത മാത്രം മാനദണ്ഡമാക്കി കെ.പി.സി.സി പുനസംഘടന നടത്തുമെന്ന് മുല്ലപ്പള്ളി 

പുനസംഘടന അടക്കമുള്ള കാര്യങ്ങളില്‍ എ.ഐ.സി.സി നേതൃത്വവുമായി ചര്‍ച്ച നടത്താനായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഡല്‍ഹിയിലെത്തും

Update: 2019-04-30 11:39 GMT
Advertising

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കെ.പി.സി.സി പുനസംഘടന പൂര്‍ത്തിയാക്കാന്‍ നീക്കം തുടങ്ങി. പുനസംഘടന അടക്കമുള്ള കാര്യങ്ങളില്‍ എ.ഐ.സി.സി നേതൃത്വവുമായി ചര്‍ച്ച നടത്താനായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഡല്‍ഹിയിലെത്തും. ജംബോ കമ്മറ്റിയെ ഒഴിവാക്കി കാര്യക്ഷമത മാത്രം മാനദണ്ഡമാക്കിയാവും പുനസംഘടന നടത്തുകയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു കെ.പി.സി.സി പുനസംഘടന നീട്ടിവെച്ചത്. ഫലപ്രഖ്യാപനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സഹഭാരവാഹികളെ നിശ്ചയിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ഇന്ന് ദില്ലിയിലെത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ എ.ഐ.സി.സി നേതാക്കളുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം 24ല്‍ നിജപ്പെടുത്താനാണ് മുല്ലപ്പള്ളിയുടെ ആഗ്രഹം.

വര്‍ക്കിങ് പ്രസിഡന്റ്മാരില്‍ അന്തരിച്ച എം.ഐ ഷാനവാസിന് പകരം ഒരാളെ നിശ്ചയിക്കും. മൂന്ന് വര്‍ക്കിങ് പ്രസിഡന്റ് പദവികളുള്ള സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് പദവി ഉണ്ടാവില്ല. ഒരു ട്രഷററും ബാക്കി ജനറല്‍ സെക്രട്ടറിമാരും എന്ന രീതിയിലാവും സഹഭാരവാഹികളെ നിശ്ചയിക്കുക. ജനറല്‍ സെക്രട്ടറിമാരില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നാണ് എ.ഐ.സി.സിയുടെ നിലപാട്.

Full View

നിലവിലെ കമ്മറ്റിയില്‍ കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കാത്തവരേയും പദവികള്‍ കുത്തകയാക്കി കൊണ്ടു നടക്കുന്നവരേയും ഒഴിവാക്കണമെന്ന നിര്‍ദേശം മുല്ലപ്പള്ളി ഹൈക്കമാന്റിന് മുന്നില്‍ വെക്കും. ജംബോ കമ്മറ്റിയില്ലാതെ കേരളത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങളെ തൃപ്തിപ്പെടുത്തി എങ്ങനെ പുനസംഘടന പൂര്‍ത്തിയാക്കാമെന്നത് ഹൈക്കമാന്റിനും തലവേദനയാവും.

Tags:    

Similar News