തുടര്‍ച്ചയായ രണ്ടാമങ്കത്തിലും കൊല്ലത്ത് പ്രേമചന്ദ്രന്‍

ഒന്നരലക്ഷത്തോളം വോട്ടിന്‍റെ ലീഡിലാണ് പ്രേമചന്ദ്രന്‍റെ ജയം 

Update: 2019-05-23 16:24 GMT
Advertising

2014ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം നാലിരട്ടിയോളം ഉയര്‍ത്തിയാണ് കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്റെ വിജയം. ഒന്നരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ പ്രേമചന്ദ്രന് സി.പി.എം ശക്തികേന്ദ്രങ്ങളിലും വ്യക്തമായ ലീഡ് നേടാനായി.

ബി.ജെ.പി ബന്ധമുള്‍പ്പെടെയുള്ള ഇടതുപക്ഷത്തിന്റെ തെറ്റായ ആരോപണങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് തന്റെ വിജയമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയത് മുതല്‍ അവസാനനിമിഷം വരെ ഒരിക്കല്‍പ്പോലും യു.ഡി.എഫിന്റെ ലീഡ് മറികടക്കാന്‍ ഇടതുപക്ഷത്തിനായിരുന്നില്ല.

Full View

ഇടതുകോട്ടയെന്ന് അവകാശപ്പെടുന്ന പുനലൂര്‍, ചടയമംഗലം എന്നീ നിയമസഭാ നിയോജക മണ്ഡലങ്ങളിലും പ്രതീക്ഷിക്കാത്ത മുന്നേറ്റമായിരുന്നു യു.ഡി.എഫിന്റേത്. 2014ലെ തെരഞ്ഞെടുപ്പില്‍ 34679 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ലഭിച്ചതെങ്കില്‍ ഇത്തവണയത് ഒന്നരലക്ഷത്തോളമാക്കി ഉയര്‍ത്താനായി. അറുപത്തി രണ്ടായിരം വോട്ടുകള്‍ക്ക് ജയം പ്രതീക്ഷിച്ചിരുന്ന യു.ഡി.എഫിന് ഈ ഭൂരിപക്ഷം അപ്രതീക്ഷിതമായിരുന്നു.

ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങളിലെയും അപ്രമാദിത്വം ഇടതിന് ആത്മവിശ്വാസം നല്‍കിയിരുന്നുവെങ്കിലും എല്ലായിടത്തും തിരിച്ചടിയാണ് നേരിട്ടത്. പ്രതീക്ഷിക്കാതെയുണ്ടായ തിരിച്ചടി പാര്‍ട്ടി പരിശോധിക്കുമെന്നായിരുന്നു ഇടതുസ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണം. 2014ല്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകള്‍ അവര്‍ ഇത്തവണ ഇരട്ടിയായി ഉയര്‍ത്തുകയും ചെയ്തു.

Tags:    

Similar News