കർദിനാൾ ആലഞ്ചേരിയെ അംഗീകരിക്കില്ലെന്ന് വൈദിക സമിതി; അതിരൂപതയില്‍ പ്രതിസന്ധി രൂക്ഷം

കർദിനാളിനെതിരെ പള്ളികളിൽ പ്രമേയം വായിക്കാനാണ് ഇവരുടെ തീരുമാനം.

Update: 2019-07-03 08:33 GMT
Advertising

എറണാകുളം - അങ്കമാലി അതിരൂപതയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. കർദിനാൾ ജോർജ് ആലഞ്ചേരിയെ അംഗീകരിക്കില്ലെന്ന നിലപാടില്‍ വൈദിക സമിതി ഉറച്ച് നില്‍ക്കുകയാണ്. കർദിനാളിനെതിരെ പള്ളികളിൽ പ്രമേയം വായിക്കാനാണ് ഇവരുടെ തീരുമാനം. സഭാ ദിനത്തിൻറെ ഭാഗമായി ഇന്ന് കർദിനാൾ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്യും.

എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികർ തന്നെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത് സഭയെ രൂക്ഷമായ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിന്റെ തീരുമാനമനുസരിച്ച് കർദിനാളിനെതിരായ പ്രമേയം പള്ളികളിൽ വായിക്കാനും വിശ്വാസികളിൽ നേരിട്ടെത്തിക്കാനുമാണ് വൈദികർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക ജാഗ്രതാ സമിതിയും രൂപീകരിച്ചതോടെ സഭാ നേതൃത്വവും ആശങ്കയിലാണ്.

ആലഞ്ചേരിക്ക് അനുകൂലമായ വത്തിക്കാൻ ഉത്തരവിലൂന്നി മുൻപോട്ട് പോകാനാണ് സിറോ മലബാർ സഭയുടെ തീരുമാനം. എന്നാൽ വിമത നീക്കം നടത്തിയവർക്കെതിരെ കടുത്ത ശിക്ഷാ നടപടികളുണ്ടായേക്കുമെന്നും സൂചനകളുണ്ട്. അതിനിടെ സഭാ ദിനമായ ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കർദിനാൾ ഇന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യും. അധികാര സ്ഥാനങ്ങളിൽ തിരിച്ചെത്തിയ ശേഷം അലഞ്ചേരി പങ്കെടുക്കുന്ന ആദ്യ യോഗത്തിൽ വിവാദങ്ങൾക്ക് മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tags:    

Similar News