സുപ്രിം കോടതി വിധിയില്‍ പ്രതീക്ഷയര്‍പ്പിച്ച് എന്‍ഡോസള്‍ഫാന്‍ ഇരകള്‍

3000ത്തിലധികം പേരാണ് ഇത്തരത്തില്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്

Update: 2019-07-04 02:13 GMT
Advertising

സര്‍ക്കാര്‍ പട്ടികയില്‍ നിന്നൊഴിവാക്കിയവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രിം കോടതി വിധിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍. 3000ത്തിലധികം പേരാണ് ഇത്തരത്തില്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ നടപടിയില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി അറിയിച്ചു.

Full View

എന്‍ഡോസള്‍‌ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിം കോടതി വിധിച്ചിട്ടും മതിയായ യോഗ്യതയില്ലെന്ന് സര്‍ക്കാര്‍ പറ‍ഞ്ഞവര്‍ക്ക് അനുകൂലമായി വീണ്ടും സുപ്രീം കോടതി വിധി. ദുരിത ബാധിത പട്ടികയിലുള്ള 3000 ലധികം പേര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. പുതിയ വിധി അനുകൂലമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

2017 ലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണ്ടെത്തിയ മുഴുവന്‍ ആളുകള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിം കോടതി വിധിക്കുന്നത്. എന്നാല്‍ 6500 ലധികം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നെങ്കിലും പകുതിയിലധികം ദുരിതബാധിതര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നില്ല, മതിയായ യോഗ്യതയില്ലെന്ന് പറഞ്ഞ് ഇവരെ ധനസഹായത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു. ഇതിനെതിരെയാണ് ദുരിതബാധിതരായ നാല് കുട്ടികളുടെ അമ്മമാര്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചത്. ഹരജി പരിഗണിച്ച സുപ്രീം കോടതി ഇവര്‍ക്ക് അനുകൂലമായി നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു. എന്നാല്‍ ഇനിയും 3000 ലധികം പേര്‍ 2017 ലെ സുപ്രീം കോടതി വിധി പ്രകാരം നഷ്ടപരിഹാരം ലഭിക്കേണ്ടതായിട്ടുണ്ടെന്നും പുതിയ വിധി അവര്‍ക്ക് കൂടി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നിയമപോരാട്ടം നടത്തിയ അമ്മമാര്‍.

നാല് പേര്‍ക്ക് അനുകൂലമായ വിധി വന്നത് മാറ്റി നിര്‍ത്തപ്പെട്ട ബാക്കിയുള്ളവര്‍ക്ക് കൂടി അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ നടപടിയില്ലെങ്കില്‍ സുപ്രിം കോടതിയെ സമീപിക്കുമെന്നുമാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നിലപാട്. നേരത്തെ ദുരിത ബാധിത ലിസ്റ്റില്‍ പെട്ടവരെ കൂടാതെ പുതിയതായി ലിസ്റ്റില്‍ പെട്ടവര്‍ക്കും, ഇനി കണ്ടെത്തുന്നവര്‍ക്ക് കൂടി ഈ വിധിയുടെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരം ലഭിക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.

Tags:    

Similar News