‘മോനേ, പാല്‍ വണ്ടി പോയോ ?’

ഓരോ തവണ പോലീസ് വണ്ടി വരുമ്പോഴും ഇപ്പോ അറസ്റ്റുണ്ടാകുമെന്ന് കരുതി ഞങ്ങള്‍ മൈക്കും, ക്യാമറയുമെടുത്ത് പണി തുടങ്ങും

Update: 2019-10-19 17:48 GMT
Advertising

അഞ്ചാറ് ദിവസമായിട്ട് കോഴിക്കോട്ടെ ദ്യശ്യമാധ്യമപ്രവര്‍ത്തകര്‍ കോടഞ്ചേരി പുലിക്കയത്ത് തമ്പടിച്ച് കിടക്കുകയാണ്. ജോളിക്കേസില്‍ ഭര്‍ത്താവ് ഷാജുവിനേയും സഖറിയാസിനേയും ഏത് നിമിഷവും പോലീസ് അറസ്റ്റ് ചെയ്യുമെന്ന സൂചനകള്‍ കിട്ടിയതുകൊണ്ടാണ് അങ്ങനെ കിടക്കുന്നത്.

അതിരാവിലെ അവിടെയെത്തും രാത്രി തിരിച്ചുവരും. ആദ്യമൊക്കെ സഖറിയാസിന്റെ വീടിന്റെ വരാന്തയിലായിരുന്നു ഇരിപ്പ്. പതുക്കെ പതുക്കെ മുറ്റത്തും പിന്നെ റോഡിലേക്കുമെക്കെയായി. വീടിന്റെ ഇടതുവശത്തെ പറമ്പില്‍ പഴുത്ത പേരയ്ക്ക ഇഷ്ടം പോലെയുണ്ട്. പറിച്ചെടുത്ത് കഴിക്കാന്‍ മുളകൊണ്ടുള്ള ഒരു തോട്ടിയും. അതിപ്പോ ഏതാണ്ട് കാലിയായി.

ഞങ്ങളെയൊക്കെ സഖറിയാസിനും ഷാജുവിനും നല്ല മുഖപരിചയമാണേ. ഓരോ തവണ പോലീസ് വണ്ടി വരുമ്പോഴും ഇപ്പോ അറസ്റ്റുണ്ടാകുമെന്ന് കരുതി ഞങ്ങള്‍ മൈക്കും, ക്യാമറയുമെടുത്ത് പണി തുടങ്ങും. പോലീസ് വന്ന് പോയിക്കഴിയുമ്പോള്‍ സഖറിയാസ് ഇറങ്ങി വന്ന് ഞങ്ങളോട് ഒരു ചോദ്യമാണ്:

'എന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് കാണാനല്ലേ നിങ്ങളിങ്ങനെ നില്‍ക്കുന്നത് ?'

ഞങ്ങളുടെ പൊട്ടിച്ചിരിക്കൊപ്പം മൂപ്പരും ചിരിച്ചങ്ങനെ നടന്ന് പോകും. നേരെ പറമ്പിലേക്കാണ് പോക്ക്. ഒരു ദിവസം വാഴക്കുല വെട്ടാന്‍ നേരം 'ഒന്ന് താങ്ങിത്തരുമോ'യെന്ന് സഖറിയാസ് ചോദിച്ചത് അവിടെ നിന്ന ഒരു മാധ്യമപ്രവര്‍ത്തകനോടാണെന്ന് പറഞ്ഞ് കേട്ടു.

കഴിഞ്ഞ ദിവസം രസകരമായ ഒരു സംഭവം നടന്നു. പതിവ് പോലെ അതിരാവിലെ തന്നെ എത്തിയ മാധ്യമപ്രവര്‍ത്തകന്റെ അടുത്തേക്ക് ഓടി വന്ന് ഷാജു ചോദിച്ചത്, 'മോനേ, പാല്‍ വണ്ടി പോയോ' എന്നാണ്. അല്‍പ്പം ചമ്മലോടെ കണ്ടില്ലന്ന് പറഞ്ഞപ്പോള്‍ അടുത്ത ചോദ്യം വന്നു. 'ഇപ്പോ കോഴിക്കോട്ടേക്കൊരു ബസ്സുണ്ടായിരുന്നല്ലോ, അത് പോയി കണ്ടോ'

അതും കണ്ടില്ലന്ന പറഞ്ഞപ്പോ മൂപ്പര് പതുക്കെ പറഞ്ഞത്, അല്ല... നിങ്ങളിവിടെയൊക്കെ സ്ഥിരമായിട്ടുള്ളതുകൊണ്ട് അതൊക്കെ ശ്രദ്ധിച്ച് കാണുമെന്നാണ് കരുതിയതെന്ന്.

Tags:    

Similar News