കനകമല ഐ.എസ് കേസില്‍ ആറ് പേര്‍ കുറ്റക്കാര്‍; ശിക്ഷാവിധി മറ്റന്നാള്‍

പ്രതികളുടെ ഐ.എസ് ബന്ധം തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതികൾ ഭീകരവാദ സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി.

Update: 2019-11-25 13:05 GMT
Advertising

കണ്ണൂർ കനകമല ഐ.എസ് കേസിൽ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി. കേസിലെ ആറാം പ്രതിയെ വെറുതെ വിട്ടു. പ്രതികളുടെ ഐ.എസ് ബന്ധം തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതികൾ ഭീകരവാദ സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി. കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി പ്രതികൾക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും.

2016 ഒക്ടോബറിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കായി കനകമലയിൽ ഐ.എസ് അനുകൂല രഹസ്യയോഗം ചേർന്നെന്ന കേസിലാണ് എന്‍.ഐ.എ കോടതി പ്രതികൾ കുറ്റക്കാരെന്ന് കണ്ടത്തിയത്. മൊയ്നുദ്ദീൻ പാറക്കടവത്ത്, മൻസീദ് മുഹമ്മദ്, സാലിഹ് മുഹമ്മദ്, റാഷിദ് അലി, റംഷാദ്, എൻ.കെ.സഫ്വാൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടത്തിയത്. ആറാം പ്രതി ജസിമിനെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടു. കേസിൽ പ്രതി ചേർത്തിരുന്ന ഷജീർ അഫ്ഗാനിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. കേസിലുൾപ്പെട്ട സുബ്ഹാനി ഹാജ മൊയ്തീന്റെ വിചാരണ പൂർത്തിയായിട്ടില്ല.

കലാപ ലക്ഷ്യത്തോടെ കേരളത്തിലെ ആരാധനാലയങ്ങൾ ആക്രമിക്കാൻ പ്രതികൾ ആസൂത്രണം നടത്തിയതായാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. ഹൈക്കോടതി ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. രാജ്യദ്രോഹക്കുറ്റം, ഗൂഢാലോചന, യു.എ.പി.എയിലെ വിവിധ വകുപ്പുകൾ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഇതിൽ രാജദ്രോഹ കുറ്റം കോടതി ഒഴിവാക്കി. പ്രതികളുടെ ഐ.എസ് ബന്ധം തെളിയിക്കാനായിട്ടില്ലെന്ന് കണ്ടെത്തിയ കോടതി ഭീകരവാദ സംഘത്തിൽ ഉൾപ്പെട്ടവരാണെന്നും വ്യക്തമാക്കി.

Full View
Tags:    

Similar News