എന്‍.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിച്ചെന്ന പരാതിയില്‍ നിന്ന് സി.പി.എം പിന്മാറുന്നു

സി.പി.എം ഉള്‍പ്പെടെയുള്ള പരാതിക്കാര്‍ തെളിവ് നല്‍കിയില്ലെന്ന് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കി

Update: 2019-11-27 06:27 GMT
Advertising

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിച്ചുവെന്ന പരാതിയിൽ നിന്ന് സി.പി.എം പിൻമാറുന്നു. പരാതി അന്വേഷിച്ച സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നിൽ തെളിവ് നൽകാൻ സി.പി.എം അടക്കമുള്ള പരാതിക്കാർ തയ്യാറായില്ല. കലക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷമേ പരാതി അവസാനിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന് വേണ്ടി എൻ.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിച്ചുവെന്നായിരിന്നു സി.പി.എമ്മും മറ്റ് രണ്ട് സംഘടനകളും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിയേയും ജില്ലാ കലക്ടറേയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടീക്കാറാം മീണ ചുമതലപ്പെടുത്തി. എന്നാൽ ഡി.ജി.പി അന്വേഷിച്ച പരാതിയിൽ തെളിവ് നൽകാൻ പരാതിക്കാർ ആരും എത്തിയില്ല. തെളിവുകൾ ഇല്ലാത്തതിനാൽ തുടർനടപടികൾ അവസാനിപ്പിക്കണമെന്ന് കാട്ടിയാണ് ഡി.ജി. പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയത്.പരാതി അന്വേഷിച്ച കളക്ടറുടെ റിപ്പോർട്ട് കൂടി കിട്ടിയ ശേഷമേ നടപടികൾ അവസാനിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Full View

അതേസമയം കലക്ടറുടെ മുന്നിൽ പരാതിക്കാരനായ കെ.സി വിക്രമൻ പത്രങ്ങളിൽ വന്ന വാർത്തകൾ നൽകിയെന്നും പത്ര വാർത്തകൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് കലക്ടർ വ്യക്തമാക്കിയെന്നുമാണ് സി.പി.എം വിശദീകരണം. എൻ. എസ്.എസുമായി അകൽച്ചയിലായിരുന്ന സി.പി.എം ഇനിയും പ്രകോപിപ്പിക്കേണ്ട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പരാതിയിൽ നിന്ന് പിന്നോട്ട് പോകുന്നതെന്നാണ് വിലയിരുത്തൽ.

Tags:    

Similar News