പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന്‍ ബി.ജെ.പി വിളിച്ച യോഗം ബഹിഷ്കരിച്ച് നാട്ടുകാര്‍

പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ വ്യാപാരികൾ മുഴുവൻ കടകളും അടച്ചു. പ്രദേശത്തെ ഒറ്റ ആളുപോലും വീടിന് പുറത്തിറങ്ങിയില്ല.

Update: 2020-01-12 02:26 GMT
Advertising

അമ്പലപ്പുഴയിൽ പൗരത്വ ഭേദഗതി നിയമത്തെ വിശദീകരിക്കാൻ ബി.ജെ.പി നടത്തിയ ജനജാഗ്രതാ സദസ് ബഹിഷ്കരിച്ച് നാട്ടുകാരും വ്യാപാരികളും. പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ വ്യാപാരികൾ മുഴുവൻ കടകളും അടച്ചു. ഉദ്ഘാടകനായി എത്തിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിന് മുന്നിൽ വിശദീകരണം കേൾക്കാൻ സ്ഥലത്തിന് പുറത്ത് നിന്നെത്തിയ ബി.ജെ.പിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അമ്പലപ്പുഴയിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ വളഞ്ഞവഴിയിൽ ബി.ജെ.പി മണ്ഡലം കമ്മിറ്റിയാണ് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമം വിശദീകരിച്ചു നൽകാൻ വലിയ പ്രചാരണമൊക്കെ നടത്തി. എന്നാൽ കൊട്ടിഘോഷിച്ച് നടത്തിയ പരിപാടി തുടങ്ങുന്നതിന് മുമ്പേ നാട്ടുകാർ ഉപേക്ഷിച്ചു. ബി.ജെ.പിക്കാർ കസേര അടുക്കി തുടങ്ങിയപ്പോൾ സ്ഥലത്തെ വ്യാപാരികൾ കടകൾക്ക് ഷട്ടറിട്ടു. പ്രദേശത്തെ ഒറ്റ ആളുപോലും വീടിന് പുറത്തിറങ്ങിയില്ല. പന്തിയല്ലെന്ന് കണ്ട ബി.ജെ.പിക്കാർ ഉദ്ഘാടകൻ എത്തും മുമ്പ് സുരക്ഷക്കായി ഒരു വണ്ടി പോലീസിനെയും ഇറക്കി.

ഒടുവിൽ ഉദ്ഘാടനത്തിനെത്തിയ എം.ടി രമേശിന് ബി.ജെ.പിക്കാരോട് മാത്രമായി പൗരത്വ ഭേദഗതി നിയമത്തെ പറ്റി വിശദീകരിച്ച് സംതൃപ്തനാകേണ്ടി വന്നു. മുസ്‍ലിം സമുദായത്തിന് പൗരത്വം നഷ്ടപ്പെടും എന്ന രീതിയിൽ പ്രചാരണം നടത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് സി.പി.എമ്മും കോൺഗ്രസും എന്ന് പറഞ്ഞ് എം.ടി രമേശ് സ്ഥലം വിട്ടു.

Full View
Tags:    

Similar News