ഇ.പിക്കെതിരെ നടപടിയെടുക്കാൻ പിണറായിക്ക് ധൈര്യമില്ല; വെളിച്ചത്തുവന്നത് സി.പി.എമ്മിന്റെ യഥാർഥ മുഖം: രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇ.പി ജയരാജൻ

Update: 2024-04-29 13:19 GMT

തിരുവനന്തപുരം: ബി.ജെ.പി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം മുഖ്യമന്ത്രി പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇ.പി. മുഖ്യമന്ത്രി അറിയാതെ ഇ.പി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇ.പിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന പിണറായിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സി.പി.എമ്മിലെ ആർക്കാണ് അറിയാത്തതെന്ന് ചെന്നിത്തല പറഞ്ഞു.

Advertising
Advertising

ഈ ബാന്ധവം മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ തുടങ്ങിയ സി.പി.എം-ബി.ജെ.പി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നെന്ന് മാത്രം. പാർലമെന്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടൊന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി എന്ന നീചമായ കള്ള പ്രചരണം ഈ തെരഞ്ഞെടുപ്പുകാലത്ത് നടത്തിയ സി.പി.എമ്മിന്റെ യഥാർത്ഥ മുഖമാണ് ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News