ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ ഇന്‍റര്‍വ്യു: എത്തിയത് ആയിരത്തോളം പേര്‍

സാമൂഹിക അകലം പോലും പാലിക്കാത്തതിനെ തുടര്‍ന്ന് അഭിമുഖം ജില്ലാ കലക്ടര്‍ ഇടപെട്ട് നിര്‍ത്തിവെച്ചു.

Update: 2020-05-30 08:16 GMT
Advertising

കോട്ടയത്ത് ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോവിഡ് ആശുപത്രി കൂടിയായ ജില്ലാ ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അഭിമുഖം. ആയിരക്കണക്കിന് ആളുകളാണ് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. സാമൂഹിക അകലം പോലും പാലിക്കാത്തതിനെ തുടര്‍ന്ന് അഭിമുഖം ജില്ലാ കലക്ടര്‍ ഇടപെട്ട് നിര്‍ത്തിവെച്ചു.

കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് കോട്ടയം ജില്ലാ ആശുപത്രിയിലെ ഒഴിവ് വന്ന തസ്തികകളിലേക്ക് നിയമനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഇതേ തുടര്‍ന്ന് അഭിമുഖം ഇന്ന് നടത്തുമെന്ന് ആശുപത്രി വികസന സമിതി അറിയിച്ചു. നാല് തസ്തികളില്‍ 21 ആരോഗ്യ പ്രവര്‍ത്തകരെ ഒരു മാസത്തേക്ക് നിയമിക്കാനായിരുന്നു തീരുമാനം.

എന്നാല്‍ വാര്‍ത്തയറിഞ്ഞ് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ഇന്ന് ജില്ലാ ആശുപത്രിയിലേക്ക് എത്തിയത്. കോവിഡ് ആശുപത്രിയാണെന്ന് പോലും ചിന്തിക്കാതെ ആളുകള്‍ എത്തിയത് വലിയ ആശങ്കയുണ്ടാക്കി. സംഭവം വിവാദമായതോടെ ജില്ല കലക്ടര്‍ ഇടപെട്ട് അഭിമുഖം നിര്‍ത്തിവെച്ചു. നേരിട്ടുള്ള അഭിമുഖം വിവാദമായതോടെ ഓണ്‍ലൈനിലൂടെ അപേക്ഷ ക്ഷണിക്കാനും മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷയും അഭിമുഖവും നടത്താനും തീരുമാനിച്ചു.

കോവിഡ് ആശുപത്രിയായ ഇവിടെ രണ്ട് പേരെ ചികിത്സിച്ചിരുന്നു. സാമ്പിള്‍ ശേഖരണമടക്കം എറ്റവും കൂടുതല്‍ നടക്കുന്ന ആശുപത്രി കൂടിയാണ് കോട്ടയം ജില്ലാ ആശുപത്രി.

Full View
Tags:    

Similar News