കര്‍ണാടക സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി കാസര്‍കോട് ജില്ലാ കമ്മിറ്റി

അതിര്‍ത്തി കടന്ന് മംഗളൂരുവിലേക്ക് ജോലിക്കും ചികിത്സക്കുമായി പോകേണ്ടവര്‍ക്ക് പാസ് അനുവദിക്കാത്തതിലാണ് പ്രതിഷേധം

Update: 2020-06-08 08:20 GMT
Advertising

കര്‍ണാടക സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി കാസര്‍കോട് ജില്ലാ കമ്മിറ്റി. അതിര്‍ത്തി കടന്ന് മംഗളൂരുവിലേക്ക് ജോലിക്കും ചികിത്സക്കുമായി പോകേണ്ടവര്‍ക്ക് പാസ് അനുവദിക്കാത്തതിലാണ് പ്രതിഷേധം. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മറ്റി തലപ്പാടിയില്‍ പ്രകടനം നടത്തി.

കാസര്‍കോട് ജില്ലയില്‍ നിന്നും നിരവധി പേരാണ് ഓരോ ദിവസവും മംഗളൂരുവില്‍ പോയി ജോലി ചെയ്ത് മടങ്ങിവരുന്നത്. ലോക്ഡൌണ്‍ ആയതോടെ ഇത് മുടങ്ങി. ലോക്ഡൌണില്‍ ഇളവ് കിട്ടിയിട്ടും അതിര്‍ത്തിയിലുള്ളവര്‍ക്ക് ജോലിക്ക് പോവാനായില്ല. ഇത് പരിഹരിക്കാനായി കാസര്‍കോട് ജില്ലാ ഭരണകൂടം ദിവസവും മംഗളൂരുവിലേക്ക് പോയി വരുന്നതിന് പാസ് അനുവദിക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം പാസ് അനുവദിക്കാന്‍ തയ്യാറായില്ല. ഇതോടെ ആളുകള്‍ക്ക് അതിര്‍ത്തി കടക്കാനുമായില്ല. കര്‍ണാടക സര്‍ക്കാരിന്‍റെ നടപടിയില്‍ പാര്‍ട്ടിക്കകത്ത് തന്നെ പ്രതിഷേധം ശക്തമായതോടെയാണ് ബി.ജെ.പി സമരവുമായി രംഗത്തെത്തിയത്. തലപ്പാടി ചെക്ക് പോസ്റ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. മംഗളൂരുവില്‍ കടകള്‍ നടത്തുന്നവരും ജോലി ചെയ്യുന്നവരുമായി അതിര്‍ത്തിയില്‍ നിരവധി പേരുണ്ട്. ഇവര്‍ക്ക് പാസ് അനുവദിക്കണമെന്നാണ് ആവശ്യം.

Full View
Tags:    

Similar News