നഷ്ടപരിഹാരം നല്‍കി ഭൂമിയേറ്റെടുക്കല്‍; നിയമനിര്‍മാണത്തിനെതിരെ റവന്യൂ വകുപ്പ്

കയ്യേറ്റ ഭൂമികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകളില്‍ സര്‍ക്കാര്‍ ഭാഗം ദുര്‍ബലപ്പെടുത്തുന്ന നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് റവന്യൂ വകുപ്പിന്‍റെ നിലപാട്

Update: 2020-07-19 07:41 GMT
Advertising

ചെറുവള്ളി എസ്റ്റേറ്റ് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുന്നതിന് നിയമം കൊണ്ടുവരാനുള്ള നീക്കത്തില്‍ റവന്യു വകുപ്പിന് കടുത്ത അമര്‍ഷം. കയ്യേറ്റ ഭൂമികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകളില്‍ സര്‍ക്കാര്‍ ഭാഗം ദുര്‍ബലപ്പെടുത്തുന്ന നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് റവന്യൂ വകുപ്പിന്‍റെ നിലപാട്.

ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാനുള്ള നിയമത്തിന്‍റെ കരട് നിയമവകുപ്പില്‍ തയ്യാറായിക്കഴിഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് റവന്യുമന്ത്രിക്കോ വകുപ്പിന് ഒരു അറിവുമില്ല. ഭൂമി സംബന്ധമായ നിയമനിര്‍മാണത്തിന്റെ കരടുണ്ടാക്കേണ്ടത് റവന്യൂ വകുപ്പായിരിക്കെ അവരെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് നിയമവകുപ്പിന് നിര്‍ദേശം പോയത്. ഇതാണ് റവന്യുവകുപ്പിനെ ചൊടിപ്പിച്ചത്. കരട് നിയമത്തിലെ വ്യവസ്ഥകളാകട്ടെ റവന്യു വകുപ്പിന്‍റെ നിലപാടുകള്‍ക്ക് വിരുദ്ധവും. ചെറുവള്ളി എസ്റ്റേറ്റ് മുന്‍നിര്‍ത്തിയാണ് നിയമമെങ്കിലും മറ്റ് കയ്യേറ്റ ഭൂമികളുടെ കാര്യത്തിലും ഇത് പാലിക്കേണ്ടിവരും. മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമികള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുവന്നാല്‍ അതും നല്‍കേണ്ട നിലയുണ്ടാവും.

കയ്യേറ്റ ഭൂമിയുടെ കുറച്ചുഭാഗമാണ് ഏറ്റെടുക്കുന്നതെങ്കിലും കയ്യേറ്റക്കാരന്‍ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുത്താല്‍ ബാക്കി ഭൂമിയുടെ അവകാശവും പുതിയ നിയമപ്രകാരം സര്‍ക്കാരിന് നഷ്ടമാവും. കയ്യേറ്റ ഭൂമികളായി സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്ക്യം കണ്ടെത്തിയ തോട്ടഭൂമികള്‍ പിടിച്ചെടുക്കാനുള്ള നീക്കം ഹൈക്കോടതി റദ്ദാക്കിയെങ്കിലും ഉടമസ്ഥാവകാശം ഉന്നയിച്ചുകൊണ്ട് സിവില്‍ കോടതികളില്‍ കേസ് നടക്കുകയാണ്. അത്തരം കേസുകളെയാകെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ നിയമനിര്‍മാണമെന്നും റവന്യുവകുപ്പ് പറയുന്നു. നിയമവകുപ്പ് തയ്യാറാക്കിയ കരട് പരിഗണനക്ക് വരുമ്പോള്‍ എതിര്‍ക്കാനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനം.

Full View
Tags:    

Similar News