'ജോലി ചെയ്ത് ജീവിക്കാൻ സമ്മതിക്കില്ലെങ്കിൽ പിന്നെ ഞങ്ങള്‍ എന്ത് ചെയ്യും?’ കണ്ണീരോടെ ട്രാൻസ്‌ജെൻഡർ സജ്ന ഷാജി

ട്രാന്‍സ്ജെന്‍ജേഴ്സിനെ അധിക്ഷേപിക്കുകയും അവരുടെ ജീവിത മാര്‍ഗം തടയുകയും ചെയ്യുന്ന ഈ സമൂഹത്തോടാണ് സജ്നയുടെ ചോദ്യം.

Update: 2020-10-13 04:24 GMT
Advertising

"ഇന്ന് ഞാൻ ഉണ്ടാക്കികൊണ്ടുപോയ ഭക്ഷണം മുഴുവൻ ബാക്കി ആയി. 20 ഊണും 150 ബിരിയാണിയുമാണ് ഉണ്ടാക്കിയത്. ആകെ വിറ്റ് പോയത് 20 ബിരിയാണി മാത്രമാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. നാളെ സാധനമെടുക്കാൻ പോലും പണമില്ല. ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി, കുടുക്ക വരെ പൊട്ടിച്ചാണ് ഞങ്ങൾ ബിരിയാണി കച്ചവടം തുടങ്ങിയത്"- ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജി മനസ്സ് തകര്‍ന്ന് കണ്ണീരോടെ പറയുന്നു.

എറണാകുളം ഇരുമ്പനത്ത് വഴിയരികിൽ ഭക്ഷണം വിറ്റ് ജീവിക്കുകയായിരുന്നു സജ്ന അടക്കം അഞ്ച് ട്രാന്‍സ്‍ജെന്‍ഡേഴ്സ്. മികച്ച അഭിപ്രായവുമായി നല്ല രീതിയില്‍ ബിരിയാണി കച്ചവടം മുന്നോട്ടുപോവുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത് കച്ചവടം നടത്തുന്ന സംഘം സജ്ന ഉള്‍പ്പെടെയുള്ളവരെ ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിച്ചും കച്ചവടം മുടക്കിയും ഉപദ്രവിക്കുകയാണ്. പൊലീസ് സ്റ്റേഷനില്‍ പരാതി പറഞ്ഞിട്ട് ഒന്ന് ഇടപെടാന്‍ പോലും പൊലീസ് തയ്യാറായില്ലെന്ന് സജ്ന പറയുന്നു. ഞങ്ങളെന്താ ബിരിയാണി വിറ്റ് തരണോ എന്ന രീതിയിലാണ് പൊലീസ് പ്രതികരിച്ചത്. ഫുഡ് ഇൻസ്‌പെക്ടറാണെന്ന് പറഞ്ഞ് ചിലര്‍ ഭീഷണിപ്പെടുത്തുന്നു. എന്നാൽ ഫുഡ് ആന്റ് സേഫ്റ്റിയുടെ ലൈസൻസ് എടുത്തിട്ടാണ് കച്ചവടം തുടങ്ങിയതെന്നും സജ്ന പറഞ്ഞു.

"ഞങ്ങള്‍ക്ക് ആരുമില്ല. ഞങ്ങൾ ഇങ്ങനെയായത് ഞങ്ങളുടെ കുറ്റംകൊണ്ടൊന്നുമല്ലല്ലോ. അന്തസായി ജോലിയെടുത്ത് ജീവിക്കാൻ സമ്മതിക്കില്ലെങ്കിൽ ഞങ്ങളൊക്കെ എന്താ ചെയ്യേണ്ടത്? തെരുവിലും ട്രെയിനിലുമൊക്കെ ഭിക്ഷ യാചിക്കാനല്ലേ പറ്റുള്ളൂ. ജോലിയെടുത്ത് ജീവിച്ചൂടെ എന്ന് എല്ലാവരും ചോദിക്കുമല്ലോ. ജോലി എടുത്ത് ജീവിക്കാൻ സമ്മതിക്കില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും ഞങ്ങള്‍?" ട്രാന്‍സ്ജെന്‍ജേഴ്സിനെ അധിക്ഷേപിക്കുകയും അവരുടെ ജീവിത മാര്‍ഗം തടയുകയും ചെയ്യുന്ന ഈ സമൂഹത്തോടാണ് സജ്നയുടെ ചോദ്യം.

Posted by Sajana Shaji on Monday, October 12, 2020
Full View
Tags:    

Similar News