'നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാന്‍ സമ്മർദം, വാഗ്ദാനം 5 സെന്‍റ് ഭൂമിയും 25 ലക്ഷവും': സാക്ഷി പരാതി നല്‍കി

ദിലീപിനെതിരായ മൊഴി മാറ്റിപറയില്ലെന്ന് ജിൻസൺ

Update: 2020-11-24 05:39 GMT
Advertising

നടിയെ ആക്രമിച്ച കേസിൽ സാക്ഷിമൊഴി മാറ്റിപ്പറയാൻ സമ്മർദമെന്ന് തൃശൂർ ചുവന്നമണ്ണ് സ്വദേശി ജിൻസൺ. പ്രതിഭാഗം സ്ഥിരമായി വിളിച്ച് സ്വാധീനം ചെലുത്താൻ ശ്രമിച്ചതുകൊണ്ടാണ് പൊലീസിൽ പരാതി നൽകേണ്ടി വന്നത്. വിളിച്ച ആളുടെ ഫോൺ സംഭാഷണം ഉൾപ്പെടെ പൊലീസിന് കൈമാറിയിട്ടുണ്ട്. ദിലീപിനെതിരായ മൊഴി മാറ്റിപറയില്ലെന്നും ജിൻസൺ പറഞ്ഞു.

പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു ജിൻസൻ. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റാന്‍ 5 സെന്‍റ് ഭൂമിയും 25 ലക്ഷം രൂപയുമാണ് വാഗ്ദാനം. ഇക്കാര്യങ്ങൾ വ്യക്തമാക്കി പീച്ചി പൊലീസിലാണ് പരാതി നല്‍കിയത്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ജയിലില്‍ വെച്ച് പറഞ്ഞ കാര്യങ്ങളാണ് ജിന്‍സണ്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. കേസ് അന്വേഷണത്തില്‍ നിര്‍ണായകമായിരുന്നു ജിന്‍സന്‍റെ മൊഴി.

ഇതേ കേസില്‍ മറ്റൊരു സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ ഇന്ന് അറസ്റ്റിലായിട്ടുണ്ട്. പത്തനാപുരത്ത് വെച്ച് ബേക്കല്‍ പൊലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസർകോടേക്ക് കൊണ്ടുപോയി.

കാസർകോട് ബേക്കൽ സ്വദേശി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 24ന് കാസർകോട് എത്തിയ പ്രദീപ് കുമാർ വിപിൻ ലാലിന്‍റെ ബന്ധുവിനെ കണ്ട് ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടതായാണ് പരാതി. ഇതിന് വഴങ്ങാതെ വന്നതോടെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പിന്നാലെയാണ് മറ്റൊരു സാക്ഷി കൂടി മൊഴി മാറ്റാന്‍ സമ്മര്‍ദമുണ്ടെന്ന് വ്യക്തമാക്കിയത്.

Full View
Tags:    

Similar News