ന്യൂനമര്‍ദം ചുഴലിക്കാറ്റാകും: നാളെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

കേരളത്തില്‍ ഓഖിക്ക് സമാനമായ സാഹചര്യമുണ്ടായേക്കും. താഴ്‍ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോര മേഖലകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം

Update: 2020-11-30 00:59 GMT
Advertising

നാളെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാകും. ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതോടെ തെക്കന്‍ കേരളത്തില്‍ കനത്ത മഴയും കടല്‍ ക്ഷോഭവുമുണ്ടാകുമെന്നാണ് പ്രവചനം. ന്യൂനമര്‍ദം 48 മണിക്കൂറിൽ അതിതീവ്ര ന്യൂനമർദ്ദമായി മാറും. ബുധനാഴ്ചയോടെ തമിഴ്‍നാട് തീരത്ത് കരയില്‍ പ്രവേശിച്ചേക്കും. തമിഴ്‍നാട്, പുതുച്ചേരി പ്രദേശങ്ങളില്‍ വലിയ ആഘാതമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ ഓഖിക്ക് സമാനമായ സാഹചര്യമുണ്ടായേക്കും.

ബുധനാഴ്ച ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറ‍ഞ്ച് അലര്‍ട്ടാണ്. നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്നിനും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Full View

കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. ആഴക്കടലില്‍ പോയവര്‍ അടുത്തുള്ള തീരത്തേക്ക് മാറണം. താഴ്‍ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോര മേഖലകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ വെള്ളപ്പൊക്കം ഉണ്ടായ ഇടങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശക്തമായ മഴയുള്ള സാഹചര്യത്തില്‍ ജലാശയങ്ങളില്‍ ഇറങ്ങരുത്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ ശ്രദ്ധിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകടത്തിന് സാധ്യത. മേൽക്കൂരകളിൽ കേടുപാടുകളോ ദ്വാരങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ അറ്റകുറ്റപ്പണി നടത്തുക. കാറ്റടിക്കുന്ന സാഹചര്യത്തിൽ വാതിലുകളും ജനാലകളും അടച്ചിടുക. മഴയിലും കാറ്റിലും ഒടിഞ്ഞു വീഴാൻ സാധ്യത ഉള്ള മരച്ചില്ലകളും ശാഖകളും വെട്ടി ഒതുക്കുക എന്നീ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

പൊന്മുടിയടക്കം ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ക്വാറികളുടെ പ്രവർത്തനവും മറ്റു ഖനന ജോലികളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ നാളെയോടെ സജ്ജമാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. താലൂക്ക് തലത്തിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അപകടാവസ്ഥ 1077 എന്ന നമ്പറിൽ അറിയിക്കണം.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപ കൊണ്ട ന്യൂനമര്‍ദം എങ്ങനെ ബാധിക്കും? രാജഗോപാല്‍ കമ്മത്ത് സംസാരിക്കുന്നു...
Full View
Tags:    

Similar News