'മനസ്സില്‍ വര്‍ഗീയത ഉള്ളത് കൊണ്ടാണ് സമസ്ത മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചത്' - പി. ജയരാജന്‍

'മതനിരപേക്ഷതക്ക് വേണ്ടി ഉറച്ച നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയും സർക്കാരുമാണ് കേരളത്തിലുള്ളത്'

Update: 2020-12-21 07:01 GMT
Advertising

മുസ്‍ലിം ലീഗ് നേതൃത്വത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖപ്രസംഗം എഴുതിയ സമസ്ത മുഖപത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവ് പി. ജയരാജൻ.

മനസിൽ വർഗീയ ചിന്ത ഉള്ളത് കൊണ്ടാണ് മുസ്‍ലിം ലീഗിനെ വിമർശിക്കുന്നത് വർഗീയതയുടെ അനുരണനമാണെന്ന തരത്തിൽ സമസ്ത മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗം എഴുതിയതെന്ന് ജയരാജൻ പറഞ്ഞു.

മതനിരപേക്ഷതക്ക് വേണ്ടി ഉറച്ച നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയും സർക്കാരുമാണ് കേരളത്തിലുള്ളത്. അത്തരത്തിലുള്ള മുഖ്യമന്ത്രിയെയും സർക്കാറിനെയും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്‍ലിം സമുദായത്തിന് അകത്ത് സ്വത്വബോധം ഉൽപാദിപ്പിച്ച് അതിന്‍റെ അടിസ്ഥാനമാക്കി ഒരു വർഗീയ രാഷ്ട്രീയത്തിനുള്ള നീക്കമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയത്. പലയിടത്തും വെൽഫെയർ പാർട്ടിയുമായും ചില സ്ഥലങ്ങളിൽ എസ്.ഡി.പി.ഐയുമായും സഹകരിക്കുന്ന നിലപാടാണ് ലീഗും കോൺഗ്രസും സ്വീകരിച്ചത്.

വർഗീയ ചേരിതിരിവ് സൃഷ്ടിച്ച്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പോലെ ഇടതുപക്ഷ വിരുദ്ധ ജ്വരം ഉണ്ടാക്കാൻ ശ്രമിച്ചു. അത് പരാജയപ്പെട്ട കാര്യമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതെന്നും ജയരാജൻ മീഡിയവണിനോട് പറഞ്ഞു.

Tags:    

Similar News