കോണ്‍ഗ്രസിന്‍റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ എ.ഐ.സി.സി സെക്രട്ടറിമാര്‍ നിയന്ത്രിക്കും

ഇത് സംബന്ധിച്ച് പുതുതായി നിയോഗിച്ച മൂന്ന് സെക്രട്ടറിമാര്‍‍ക്കും എ.ഐ.സി.സി നിര്‍ദേശം നല്‍കി

Update: 2020-12-23 07:23 GMT
Advertising

എ.ഐ.സി.സി സെക്രട്ടറിമാര്‍ കേരളത്തില്‍ തങ്ങി കോണ്‍ഗ്രസിന്‍റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കും. ഇത് സംബന്ധിച്ച് പുതുതായി നിയോഗിച്ച മൂന്ന് സെക്രട്ടറിമാര്‍‍ക്കും എ.ഐ.സി.സി നിര്‍ദേശം നല്‍കി. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഘടകകക്ഷികള്‍ക്ക് ഉറപ്പ് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താൻ ജില്ലതിരിച്ചുള്ള അവലോകനയോഗം ഇന്ദിരാഭവനില്‍ നടന്നു.

പി. വിശ്വനാഥന്‍,പി.വി മോഹന്‍, ഇവാന്‍ ഡിസൂസ എന്നീ സെക്രട്ടറിമാര്‍ക്ക് പുതുതായി കേരളത്തിന്‍റെ ചുമതല നല്‍കിയിരുന്നു. ഇവരോട് നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേരളത്തില്‍ തങ്ങി പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം. രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം ഇവര്‍ ജില്ലകളില്‍ പര്യടനം നടത്തും. തുടര്‍ന്ന് ജില്ലാ നേതാക്കളുമായി ചര്‍ച്ച നടത്തിയ സംഘടനാ സംവിധാനത്തിന്‍റെ പോരായ്മകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എ.ഐ.സി.സിക്ക് സമര്‍പ്പിക്കും. മൂന്ന് ഡി.സി.സികളില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സൂചനകള്‍ ശക്തമാണ്.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കെ.പി.സി.സി തലത്തില്‍ കാര്യമായ മാറ്റമുണ്ടാകില്ല. കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനത്തെ കുറിച്ച് ഘടകക്ഷികള്‍ ഉന്നയിച്ച പരാതിയും വളരെ ഗൌരവത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കാണുന്നത്. ഇതേ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആശയവിനിമയം നടത്തി. ഘടകകക്ഷി നേതാക്കളെ വിളിച്ച് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി.

Tags:    

Similar News