തവനൂരില്‍ ജലീലിന്‍റെയും ഫിറോസിന്‍റെയും പ്രചാരണ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം

ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചാരണ വാഹനത്തിന് നേരെയും കെ ടി ജലീലിന്‍റെ പ്രചാരണ റാലിയിൽ പങ്കെടുത്ത കാറിന് നേരെയും അക്രമമുണ്ടായി

Update: 2021-04-04 05:48 GMT
Advertising

തവനൂരിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചാരണ വാഹനത്തിന് നേരെയും എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീലിന്‍റെ പ്രചാരണ റാലിയിൽ പങ്കെടുത്ത കാറിന് നേരെയും അക്രമമുണ്ടായി. ഇന്നലെയാണ് സംഭവം.

സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. വ്യാപകമായി ഫ്ലക്സ് ബോർഡുകളും തെരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫീസും തകർക്കപ്പെട്ടതായി എൽഡിഎഫ് ആരോപിച്ചു. സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ഫിറോസ് ആരോപിച്ചു.

ബൈക്ക് റാലികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചതിനാൽ ഇന്നലെ കെ ടി ജലീല്‍ ഓട്ടോറിക്ഷ റാലി നടത്തി. ജലീലിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് ഓട്ടോ.

അതിനിടെ ഫിറോസ് കുന്നംപറമ്പിലിനെ വ്യക്തിഹത്യ നടത്തി അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് തവനൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മിഷൻ, വരണാധികാരി കൂടിയായ ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്കാണ് പരാതി നൽകിയത്. ഫിറോസ് കുന്നംപറമ്പിലിന്‍റേതെന്ന ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് യുഡിഎഫ് രംഗത്തെത്തിയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News