കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക വീണ്ടും മുങ്ങി

രാവിലെ 11 മണിയോടെയാണ് വ്യാജ അഭിഭാഷക സെസി സേവ്യർ കോടതിയിൽ കീഴടങ്ങാൻ എത്തിയത്

Update: 2021-07-22 14:29 GMT
Advertising

കോടതിയിൽ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ വീണ്ടും മുങ്ങി. ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് റിപ്പോർട്ട് നൽകിയതറിഞ്ഞാണ് യുവതി കോടതിയിൽ നിന്ന് മുങ്ങിയത്. കോടതിയിൽ എത്തിയ വിവരം അറിഞ്ഞിട്ടും സെസിയെ അറസ്റ്റ് ചെയ്യാനുളള ഇടപെടൽ പൊലീസ് നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്.

രാവിലെ 11 മണിയോടെയാണ് വ്യാജ അഭിഭാഷക സെസി സേവ്യർ ആലപ്പുഴ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാൻ എത്തിയത്. ജാമ്യം ലഭിക്കാവുന്ന ഇന്ത്യൻ  ശിക്ഷാനിയമത്തിലെ 417, 419 വകുപ്പ് പ്രകാരമുളള കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നതെന്ന് അറിഞ്ഞാണ് കീഴടങ്ങാനെത്തിയത്. എന്നാൽ ഐപിസി 420 വകുപ്പും കൂടി ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ കീഴടങ്ങൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ജാമ്യം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ സെസി സേവ്യർ കോടതിയിൽ നിന്ന് മുങ്ങി. പിന്നാലെ ജാമ്യ ഹരജിയിൽ നിന്നും പിന്മാറി.

രാവിലെ മുതൽ കോടതിയിൽ ഉണ്ടെന്ന് അറിഞ്ഞിട്ടും കേസ് അന്വേഷിക്കുന്ന ആലപ്പുഴ നോർത്ത് പൊലീസ് സെസിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ബാർ അസോസിയേഷന്റെ പരാതിയിൽ മോഷണം, ചതി, വിശ്വാസവഞ്ചന അടക്കമുളള കുറ്റങ്ങൾ ആരോപിച്ചിട്ടും ആദ്യം ജാമ്യമില്ലാ വകുപ്പുകൾ ചുമത്താതിരുന്ന പൊലീസ് നടപടിയും വിമർശിക്കപ്പെടുന്നുണ്ട്. രണ്ടര വർഷം ആലപ്പുഴ കോടതികളിൽ പ്രാക്ടീസ് ചെയ്ത സെസി സെവ്യർ ബാർ അസോസിയേഷൻ ഭാരവാഹിയും ആയിരുന്നു.

Full View

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News