'ജയിലിൽ പോയ ബാപ്പ, ഓർമയിലെ പൊട്ടു പോലെ ഉമ്മ'; ഹൈദരലി തങ്ങളുടെ ജീവിതം

ബാപ്പയെയും ജ്യേഷ്ഠനെയും പോലെ സൗമ്യത തന്നെയായിരുന്നു ഹൈദരലി തങ്ങളുടെയും കൊടിയടയാളം

Update: 2022-03-06 09:19 GMT
Advertising

ഇടമുറിയാതെ മഴ പെയ്യുന്നു. കൊടപ്പനക്കലെ തൊടിയിൽ നിറയെ വെള്ളം. തൊടിക്കു പിന്നിൽ കുത്തിയൊഴുകുന്ന കടലുണ്ടിപ്പുഴ. സുബഹിയുടെ വെള്ള കീറി വരുന്നതേയുള്ളൂ. പാനീസുവിളക്കിന്‍റെ വെട്ടം മയങ്ങിക്കിടന്ന കൊടപ്പനക്കലെ മുറ്റത്തേക്ക് ഒരു പൊലീസ് ജീപ്പു വന്നു ബ്രേക്കിട്ടു. പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്യാന്‍ വന്നതാണ്. മുറ്റത്തിറങ്ങിയ പൊലീസുകാരോട് നിസ്‌കരിച്ചു വരാമെന്നു പറഞ്ഞു  തങ്ങൾ. വന്നവർക്ക് ചായ കൊടുത്തു. മക്കൾ ഉണരും മുമ്പെ, ആ പൊലീസ് ജീപ്പ് പൂക്കോയ തങ്ങളെയും കൊണ്ട് മലപ്പുറം പൊലീസ് സ്റ്റേഷനിലേക്കു പോയി. അവിടന്ന് മഞ്ചേരി ജയിലിലേക്ക്. അവിടെ രണ്ടു ദിവസം. പിന്നീട് രണ്ടാഴ്ച കോഴിക്കോട്ടെ ജയിലിലും. വിവരമറിഞ്ഞ് തന്നെക്കാണാനെത്തിയ നാട്ടുകാരെ പൊലീസിന്‍റെ അഭ്യര്‍‌ത്ഥനയനുസരിച്ച് ശാന്തമാക്കി തങ്ങള്‍. 

1948ലെ ഹൈദരാബാദ് ആക്ഷൻ കാലത്ത് പാണക്കാട് പൂക്കോയ തങ്ങൾ അറസ്റ്റിലാകുമ്പോൾ ഹൈദരലി ശിഹാബ് തങ്ങൾക്ക് ഒരു വയസ്സ്. അന്ന് സ്‌കൂൾ ആറാം തരത്തിലായിരുന്നു ഹൈദരലി തങ്ങളുടെ ഇക്കാക്ക മുഹമ്മദലി ശിഹാബ് തങ്ങൾ. ഇരുവരെയും കൂടാതെ ഖദീജ ബീക്കുഞ്ഞി ബീവി, മുല്ല ബീവി എന്നീ രണ്ടു സഹോദരിമാർ.

കൊടപ്പനക്കലിൽ അറസ്റ്റ് പുതുമയുള്ള കാര്യമായിരുന്നില്ല. ഉപ്പാപ്പ സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളെ അറസ്റ്റു ചെയ്തത് ബ്രിട്ടീഷുകാരായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ. ശിക്ഷാകാലത്ത് അന്യദേശത്തിൽ കിടന്നാണ് അദ്ദേഹം മരണപ്പെട്ടത്. 

ഹൈദരലി തങ്ങള്‍, ചെറുപ്പത്തിലെ ചിത്രം

അഹമ്മദ് പൂക്കോയ തങ്ങളുടെയും മർയം എന്ന ചെറിഞ്ഞി ബീവിയുടെയും പുത്രന്മാരിൽ മൂന്നാമനായി 1947 ജൂൺ 15ന് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലാണ് ഹൈദരലി തങ്ങളുടെ ജനനം. ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠനം. അഞ്ചാം തരം വരെയുള്ള പഠനം പാണക്കാട്ടെ ദേവധാർ സ്‌കൂളിൽ. ആറു മുതൽ പത്തു വരെ (1965) കോഴിക്കോട് മദ്രസത്തുൽ മുഹമ്മദിയ്യ (എഎം) ഹൈസ്‌കൂളിൽ. പിവി മുഹമ്മദ് മാസ്റ്ററും ശേഷനാരായണ അയ്യരുമായിരുന്നു പ്രധാനാധ്യാപകർ.

കോഴിക്കോട്ടെ പഠനകാലത്ത് കുറ്റിച്ചിറയിലെ കെവി ഇമ്പിച്ചിക്കോയ തങ്ങളുടെ വീട്ടിലായിരുന്നു താമസം. ജ്യേഷ്ഠന്മാരായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും എഎം ഹൈസ്‌കൂളിൽ തന്നെയാണ് പഠിച്ചിരുന്നത്. ഒരു വർഷം മൂവരും ഒരുമിച്ചു താമസിച്ചു പഠിച്ചു. ഹൈദരലി തങ്ങൾ ആറിൽ ചേർന്ന വർഷം എസ്എസ്എൽസി വിദ്യാർത്ഥിയായിരുന്നു മുഹമ്മദലി തങ്ങൾ. സ്‌കൂൾ കാലത്ത് ഫുട്‌ബോൾ കളിക്കാരനായിരുന്നു.

ബാപ്പ കൈയിൽ കൊടുത്ത പച്ചക്കൊടി

കോട്ടപ്പടി മൈതാനത്തെ ലീഗ് യോഗത്തിന് കൊണ്ടുപോയി ബാപ്പയാണ് ഹൈദരലി തങ്ങളെ പാർട്ടിയിൽ 'ചേർത്തത്'. വേദിക്കരികിലെ തുണിക്കടയിലിരുന്നാണ് സമ്മേളനത്തിലെ പ്രസംഗം കേട്ടത്. പ്രസംഗവേദിയിലുണ്ടായിരുന്നത് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും സിഎച്ച് മുഹമ്മദ് കോയയും കെ.സി അബൂബക്കർ മൗലവിയും.

കൊടപ്പനക്കലെ പൂമുഖത്ത് ചെറുപ്പം മുതലേ കണ്ടു പരിചയിച്ചു കൊണ്ടത് ഒരു ലീഗ് നേതാവും തങ്ങൾക്ക് അന്യനായിരുന്നില്ല. ഖാഇദെ മില്ലത്തിനെയും സിഎച്ചിനെയും ബാഫക്കി തങ്ങളെയും ആദ്യമായി കാണുന്നതും പാണക്കാട്ടു വച്ചു തന്നെ. ബാഫഖി തങ്ങളെ പിടിക്കോഴി സൂപ്പു നൽകിയാണ് കൊടപ്പനക്കല്‍ വീട്ടിൽ സത്കരിച്ചിരുന്നത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബാഫഖി തങ്ങളുടെ മകൾ ശരീഫ ഫാത്തിമ ബീവിയെയാണ് ജ്യേഷ്ഠന്‍ മുഹമ്മദലി ശിഹാബ് തങ്ങൾ വിവാഹം കഴിച്ചത്. 

പിഎംഎസ്എ പൂക്കോയ തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങൾ, ബാഫഖി തങ്ങൾ

ഉപ്പ, ഹൈദരലി തങ്ങൾക്ക് ഹരിതശോഭയുള്ള നിറവാണ് എങ്കിൽ ഉമ്മ ഒരോർമപ്പൊട്ടു മാത്രമാണ്. 1950ൽ കോയമ്പത്തൂരിലെ ആശുപത്രിയിൽ വച്ച് തങ്ങൾക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് ഉമ്മ മരിച്ചത്. ഉമ്മ മരിച്ച ശേഷം വളരെ മുതിരുന്നതു വരെ ബാപ്പക്കൊപ്പമായിരുന്നു ഹൈദരലി തങ്ങളുടെ കിടപ്പ്.

'അധികപരിഗണന വേണ്ട'

പത്താം തരത്തിനു ശേമാണ് തങ്ങൾ മതപഠന മേഖലയിലേക്ക് തിരിഞ്ഞത്. മലപ്പുറം തിരുന്നാവായ കോന്നല്ലൂർ ജുമാ മസ്ജിദിലായിരുന്നു ആദ്യത്തെ ദർസ് (മതപഠനം). കെകെ കുഞ്ഞാലൻകുട്ടി മുസ്‌ലിയാരായിരുന്നു ഉസ്താദ്. വിവിധ വീടുകളിൽ പോയാണ് അന്ന് വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചിരുന്നത്. കായൽമഠത്തിലെ പാറളാത്ത് വീട്ടിലായിരുന്നു ഹൈദരലി തങ്ങളുടെ ചെലവ്. പലപ്പോഴും തങ്ങൾക്കുള്ള ഭക്ഷണം വീട്ടിലേക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്. എന്നാൽ മറ്റുള്ളവർക്കില്ലാത്ത പരിഗണന തന്റെ മകനു വേണ്ടെന്ന നിലപാടിലായിരുന്നു ഉപ്പ പൂക്കോയ തങ്ങൾ. പൂക്കോയ തങ്ങളുടെ കുട്ടിയെന്ന പരിഗണനയാണ് അന്ന് തങ്ങൾക്ക് ലഭിച്ചു കൊണ്ടിരുന്നത്.

രണ്ടു വർഷത്തിനു ശേഷം പൊന്നാനി മഊനത്തുൽ ഇസ്‌ലാം സഭയ്ക്ക് കീഴിലുള്ള അറബിക് കോളജിൽ ചേർന്നു. കെകെ അബ്ദുല്ല മുസ്‌ലിയാർ ആയിരുന്നു പ്രധാന ഉസ്താദ്. നാട്ടിക വി. മൂസ മുസ്‌ലിയാർ അവിടത്തെ സഹപാഠിയായിരുന്നു. പൊന്നാനിയിൽനിന്നാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്ക് ഫൈസി ബിരുദത്തിനായി പോയത്. ജാമിഅയിൽ ചേരുന്ന വേളയിൽ അവിടത്തെ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു ഉമർ അലി ശിഹാബ് തങ്ങൾ. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല ബാപ്പു മുസ്‌ലിയാർ, കുമരംപുത്തൂർ മുഹമ്മദ് മുസ്‌ലിയാർ എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാർ.

തിരമുറിയാത്ത തിരക്കിലേക്ക്

1973ൽ ജാമിഅയിൽ പഠിക്കുന്ന വേളയിലാണ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ രൂപീകരിക്കപ്പെടുന്നത്. അതിന്റെ ആദ്യ പ്രസിഡണ്ടായി. അതേവർഷമാണ് ബാഫഖി തങ്ങൾ അന്തരിച്ചത്. ജാമിഅ വിട്ടതോടെ വേദികളിൽ നിന്ന് വേദികളിലേക്കുള്ള ഓട്ടമായി. അതിനിടെ 1975ൽ വിവാഹം.

മദ്രാസിലെ വ്യാപാര പ്രമുഖനും മദ്രാസ് മലബാർ മുസ്‌ലിം അസോസിയേഷൻ നേതാവുമായിരുന്ന കെ.പി സയ്യിദ് അബ്ദുല്ലക്കോയ ബാഫഖിയുടെ മകൾ ശരീഫ സുഹറാബിയായിരുന്നു വധു. അതിനിടെ, 1975 ജൂലൈയിൽ പിതാവ് പൂക്കോയ തങ്ങളുടെ മരണം വ്യക്തിപരമായി തളർത്തി. 

രാഹുല്‍ ഗാന്ധിക്കൊപ്പം ഹൈദരലി തങ്ങള്‍

മരണത്തെ കുറിച്ച് തങ്ങൾ പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെ;

'1975 ഏപ്രിൽ മാസത്തിൽ ബാംഗ്ലൂരിൽ ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന്റെ മകളുടെ കല്യാണത്തിന് പോകുമ്പോഴാണ് ബാപ്പക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നത്. വിദഗ്ധ ചികിത്സ വേണമെന്ന് സി.എച്ചും ചാക്കീരിയും പറഞ്ഞു. അങ്ങനെ കോഴിക്കോട് നിർമല ആശുപത്രിയിലേക്കും പിന്നീട് ബോംബെയിലെ ടാറ്റ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലേക്കും കൊണ്ടുപോയി. ഞാനുമുണ്ടായിരുന്നു കൂടെ. ബാപ്പ ആശുപത്രിയിൽ ഉണ്ടെന്നറിഞ്ഞ് ബോംബെ മലയാളികൾ കൂട്ടംകൂടി വരാൻ തുടങ്ങി. ജനങ്ങളെ നിയന്ത്രിക്കാൻ പറ്റാതായപ്പോൾ ചാക്കീരിയും അഹമ്മദാജിയുമെല്ലാം കൂടി അവരെ ആശ്വസിപ്പിച്ച് പറഞ്ഞുവിട്ടു. പിന്നീട് വീട്ടിലേക്ക് പോന്നു. ജൂലൈ ആറിന് രാത്രി ആ തണൽ ഞങ്ങളെ വിട്ടകന്നു.'

ബാപ്പയുടെ വിയോഗ ശേഷമാണ് രാഷ്ട്രീയ-മത-സാമുദായിക രംഗങ്ങളിൽ തങ്ങൾ സജീവമായി ഇടപെടുന്നത്. 1977ൽ മലപ്പുറം ജില്ലയിലെ പുൽപ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂരിൽ മഹല്ല് പള്ളി- മദ്റസ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. 

കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം. പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, കെപിഎ മജീദ് തുടങ്ങിയവർ സമീപം


1990ൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ടായി ചുമതലയേറ്റു. സഹോദരൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്ന് 2009ൽ പാർട്ടി സംസ്ഥാന അധ്യക്ഷനായി. 2008 ൽ സഹോദരൻ സയ്യിദ് ഉമറലി ശിഹാബ് തങ്ങൾക്കു ശേഷം സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡന്റുമായി. ആയിരത്തിലധികം മഹല്ലുകളുടെ ഖാസിയുമാണ്.

ലീഗ് നേതൃത്വത്തിൽ

2009 ആഗസ്ത് ഒന്നിനായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണം. 1975 മുതൽ അദ്ദേഹം കൈയാളിയിരുന്ന അധികാര സ്ഥാനമാണ് ജ്യേഷ്ഠന്റെ വിയോഗ ശേഷം ഹൈദരലി തങ്ങൾ ഏറ്റെടുത്തത്. പാണക്കാട് കുടുംബത്തിന്റെ ജനസ്വാധീനം കണക്കിലെടുക്കുമ്പോൾ മറ്റൊരു പേര് ലീഗ് നേതൃത്വത്തിന് മുമ്പിലുണ്ടായിരുന്നില്ല. 

ബാപ്പയെയും ജ്യേഷ്ഠനെയും പോലെ സൗമ്യത തന്നെയായിരുന്നു ഹൈദരലി തങ്ങളുടെയും കൊടിയടയാളം. വിളിപ്പുറത്ത് അധികാരങ്ങൾ ഏറെയുണ്ടായിട്ടു പോലും അതിൽ തൊട്ടുനോക്കാൻ പോലും അദ്ദേഹം തയ്യാറായില്ല. ലീഗിന്റെ സ്ഥാപക നേതാക്കളെ അറിഞ്ഞും അനുഭവിച്ചും പുതുതലമുറ നേതാക്കളെ പേരെടുത്തു വിളിച്ചുമുള്ള രാഷ്ട്രീയവിശുദ്ധി കൂടിയാണ് തങ്ങളുടെ മരണത്തോടെ നഷ്ടമാകുന്നത്. സ്നേഹത്തിന്‍റെ നറുമണം മാത്രം ചുരത്തിയ നാട്ടുകാരുടെ സ്വന്തം ആറ്റപ്പൂ കൂടിയാണ് മാളിയേക്കല്‍ വീടിന്‍റെ കോലായിയില്‍ നിന്ന് പടിയിറങ്ങിപ്പോകുന്നത്. 

ചിത്രങ്ങൾക്കും വിവരങ്ങൾക്കും 2017ലെ റമസാൻ ചന്ദ്രികയിൽ സി.പി സൈതലവി എഴുതിയ 'അരികിലുണ്ടായിരുന്നു, ആ അവസാന രാത്രി വരെ' എന്ന ലേഖനത്തോട് കടപ്പാട്

Tags:    

Writer - abs

contributor

Editor - abs

contributor

By - എം അബ്ബാസ്‌

contributor

Similar News