മുസ്‍ലിം വിവാഹ മോചനം: കുടുംബ കോടതികൾ വിശദ പരിശോധന വേണ്ടെന്ന് ഹൈക്കോടതി

കുടുംബ കോടതി ഉത്തരവിൽ എതിർപ്പുള്ള കക്ഷിക്ക് ഉചിതമായ വേദിയെ സമീപിക്കാമെന്ന് ഡിവിഷൻബെഞ്ച്

Update: 2021-11-17 16:28 GMT
Editor : ijas
Advertising

കോടതിക്ക് പുറത്ത് നടക്കുന്ന മുസ്‍ലിം വിവാഹ മോചന കേസുകൾ കുടുംബ കോടതികളിൽ വിശദ പരിശോധന വേണ്ടെന്ന് ഹൈകോടതി. ത്വലാഖ്, ഖുൽഅ്, ത്വലാഖ് ഇ തഫ്വീസ്, മുബാറത്ത് തുടങ്ങിയ വിവാഹ മോചനങ്ങൾ അംഗീകരിക്കണമെന്നും പ്രഥമദൃഷ്ട്യ സാധുതയുണ്ടെന്ന് ബോധ്യമായാൽ കൂടുതൽ അന്വേഷണം നടത്താതെ തന്നെ കുടുംബ കോടതികൾ വിവാഹ മോചനം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചാണ് മുസ്‍ലിം വിവാഹ മോചന കേസുകളില്‍ നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

കുടുംബ കോടതി ഉത്തരവിൽ എതിർപ്പുള്ള കക്ഷിക്ക് ഉചിതമായ വേദിയെ സമീപിക്കാമെന്നും ഡിവിഷൻബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഇക്കാര്യത്തിൽ കുടുംബ കോടതികൾക്ക് ബാധകമാക്കി ചില മാർഗ നിർദേശങ്ങളും ഡിവിഷൻബെഞ്ച് പുറപ്പെടുവിച്ചു. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശിനിയായ യുവതി നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് വിധി. ത്വലാക്ക് ചൊല്ലി വിവാഹ മോചനം നേടിയ ഭർത്താവിന്‍റെ നടപടി തന്‍റെ വാദം കേൾക്കാതെ ശരിവെച്ച കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് യുവതി ഹരജി നല്‍കിയത്. മുസ്‍ലിം വ്യക്തി നിയമ പ്രകാരം 2019 ഡിസംബർ 28നാണ് യുവതിയെ ഭർത്താവ് മൂന്നാമത്തെ ത്വലാഖ് ചൊല്ലിയത്. ഇക്കാര്യം രജിസ്റ്റേർഡ് തപാലിൽ ഹരജിക്കാരിയെ അറിയിച്ചു. എന്നാൽ, ത്വലാഖിന്‍റെ നിയമ സാധുത ചോദ്യം ചെയ്ത് യുവതി ആദ്യം മൂവാറ്റുപുഴ കുടുംബ കോടതിയെയും പിന്നീട് ഹൈക്കോടതിയേയും സമീപിക്കുകയായിരുന്നു.

വ്യക്തി നിയമ പ്രകാരം കക്ഷികളിൽ ഒരാൾക്ക് ഖുൽഅ്, ത്വലാഖ് തുടങ്ങിയ രീതികളിലൂടെ വിവാഹ മോചനം സാധ്യമാണ്. ജൂഡീഷ്യറിക്ക് പുറത്തുള്ള വിവാഹ മോചന നടപടിക്ക് സാധുതയുണ്ടോ, ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ മാത്രം കോടതി അന്വേഷിച്ചാൽ മതി. സ്ത്രീധനം മടക്കി ആവശ്യപ്പെടുന്ന കേസുകളിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷിക്കണം. പ്രധാന വിസ്താരം, ക്രോസ് വിസ്താരം തുടങ്ങിയവയൊന്നും ഇക്കാര്യത്തിൽ ആവശ്യമില്ല. ത്വലാഖിന് അല്ലെങ്കിൽ സമാന വിവാഹ മോചന മാർഗങ്ങൾക്ക് സാധുതയുണ്ടെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ അത് പ്രഖ്യാപിക്കണം. ധാരണ പത്രം രണ്ട് കക്ഷികളും സാക്ഷ്യപ്പെടുത്തിയാണ് വിവാഹ മോചനം നടപ്പാക്കിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടാൽ മുബാറത്തിന്‍റെ കാര്യത്തിലും ഇത് മതിയാവും.

ഉത്തരവിൽ തൃപ്തിയില്ലാത്ത കക്ഷിക്ക് ഉചിതമായ വേദിയെ സമീപിച്ച് പരിഹാരം കാണാമെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് ഇത് സംബന്ധിച്ച് മാർഗ നിർദേശങ്ങളും പുറപ്പെടുവിച്ചത്. ഉത്തരവ് സംസ്ഥാനത്തെ കുടുംബ കോടതികൾക്ക് കൈമാറാനും ഡിവിഷൻബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News