വയനാട്ടിലെ ദമ്പതികളുടെ കൊലപാതകം: മോഷണശ്രമം മാത്രമാണെന്ന് കരുതുന്നില്ലെന്ന് ബന്ധുക്കള്‍

അജ്ഞാതസംഘത്തിന്‍റെ ആക്രമണത്തിലാണ് വയനാട്ടില്‍ ഇന്നലെ ഭര്‍ത്താവും പരിക്കേറ്റ ഭാര്യ ഇന്നും മരിച്ചത്

Update: 2021-06-11 05:13 GMT
By : Web Desk
Advertising

വയനാട്ടിൽ ദമ്പതികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനും കൊലപാതകത്തിനും കാരണം മോഷണശ്രമമാണെന്ന് കരുതുന്നില്ലെന്ന് ബന്ധുക്കള്‍. ഇന്നലെ രാത്രിയാണ് വയനാട് പനമരം താഴെ നെല്ലിയമ്പം സ്വദേശികളായ ദമ്പതികള്‍ പത്മാലയം കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും ആക്രമിക്കപ്പെട്ടത്. കേശവന്‍ മാസ്റ്റര്‍ ഇന്നലെ സംഭവസ്ഥലത്ത് വെച്ചും പത്മാവതി ഇന്ന് രാവിലെയുമാണ് മരിച്ചത്. വയനാട് എസ്പിയും ഫോറൻസിക് സംഘവും പരിശോധന സംഭവസ്ഥലത്തെത്തി നടത്തുകയാണ്.

നിലവിളി കേട്ട് തങ്ങള്‍ ഓടിയെത്തുമ്പോള്‍ മുഖംമൂടി ധരിച്ച ആളുകളാണ് ആക്രമിച്ചതെന്ന് പത്മാവതി തന്നെയാണ് ബന്ധുക്കളോട് പറഞ്ഞത്. കേശവന്‍ മാസ്റ്റര്‍ അപ്പോഴേക്കും മരിച്ചിരുന്നു. പത്മാവതിക്ക് കഴുത്തിനാണ് കുത്തേറ്റത്. മുറിവേറ്റ ഭാഗത്ത് തുണിവെച്ച് കെട്ടിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വീട് പൂട്ടി താക്കോല് ഏല്‍പ്പിച്ചതെല്ലാം പത്മാവതി തന്നെയാണ് എന്നും ബന്ധുക്കള്‍ പറയുന്നു. കേശവന്‍ മാസ്റ്റര്‍ക്ക് വയറിനാണ് കുത്തേറ്റത് എന്നും ബന്ധുക്കള്‍ പറയുന്നു. രാത്രി എട്ടരയോടെയാണ് അക്രമമുണ്ടായത്. ഇരുവരും തനിച്ചാണ് താമസമെന്ന് അറിയുന്നവരാണ് അക്രമികള്‍ എന്നാണ് ബന്ധുക്കളുടെ സംശയം. മോഷ്ടാക്കള്‍ ആയിരുന്നെങ്കില്‍ അത്രയും നേരത്തെ ഒരിക്കലും മോഷണത്തിനെത്താന്‍ സാധ്യതയില്ലായിരുന്നുവെന്നും ബന്ധുക്കള്‍ സംശയിക്കുന്നു.

മോഷണശ്രമത്തിനിടെയാണ് അക്രമമുണ്ടായത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇതൊരു മോഷണ ശ്രമമാണെന്ന് കരുതുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോലീസാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതെന്നും അവര്‍ പറയുന്നു. വയനാട് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുഗുമാര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. മാനന്തവാടി ഡിവൈഎസ്പിയും സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിംഗ് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

രാത്രി എട്ടരയോടെ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് എന്തോ ശബ്ദം കേട്ടാണ് കേശവന്‍ നായര്‍ മുകളിലേക്ക് കയറിപ്പോയത്. അതിനിടെ മുകളിലുണ്ടായിരുന്ന അക്രമികള്‍ താഴോട്ട് ഇറങ്ങിവരികയും പിടിവലിക്കിടെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നും ശേഷം മുന്‍വശത്തെ ഡോറിന്‍റെ ലോക്ക് തുറന്ന് അക്രമികള്‍ ഓടിപ്പോയി എന്നുമാണ് പത്മാവതിയമ്മ ബന്ധുക്കളോട് പറഞ്ഞതില്‍ നിന്ന് മനസ്സിലാകുന്നത്.

രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കുള്ളത്. അവര്‍ ജോലിയാവശ്യാര്‍ത്ഥം വീട്ടില്‍ നിന്ന് മാറിത്താമസിക്കുകയാണ്.


Tags:    

By - Web Desk

contributor

Similar News