ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങും മുമ്പെ അക്‌സര്‍ പട്ടേല്‍ പുറത്ത്

പരിക്ക് വിട്ടൊഴിയാതെ ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ പരിക്കേറ്റ സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്ത്.

Update: 2021-02-05 03:46 GMT
Advertising

പരിക്ക് വിട്ടൊഴിയാതെ ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ പരിക്കേറ്റ സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്ത്. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റിലെ പരിശീലനത്തിനിടെയാണ് അക്‌സറിന് പരിക്കേറ്റത്. ഇടത് കാല്‍മുട്ടിന് പരിക്കേറ്റ അക്‌സറിന് ആദ്യ മത്സരത്തില്‍ കളിക്കാനാവില്ലെന്ന് ബി.സി.സി.ഐ പുറത്തിറക്കിയ പത്രകുറിപ്പില്‍ അറിയിച്ചു. പകരം ഷഹബാസ് നദീമിനെയും രാഹുല്‍ ചഹറിനെയും ഉള്‍പ്പെടുത്തി.

സ്റ്റാന്‍ഡ് ബൈ കളിക്കാരായി ഇവര്‍ ടീമിനോടൊപ്പം ഉണ്ടായിരുന്നു. ആസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരക്കാരനാവേണ്ട കളിക്കാരനായിരുന്നു അക്‌സര്‍ പട്ടേല്‍. പന്ത് കൊണ്ടും അതുപോലെ ബാറ്റുകൊണ്ടും തിളങ്ങാനാവും എന്നതാണ് അക്‌സര്‍ പട്ടേലിന്റെ പ്രത്യേകത. അടിസ്ഥാനപരമായി ജഡേജയുടെ കളിമികവുമായി സാമ്യമുള്ളയാളാണ് അക്‌സറെന്നും അതിനാലാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നുമായിരുന്നു നായകന്‍ വിരാട് കോഹ്ലിയുടെ പ്രതികരണം.

അതേസമയം അക്‌സറിന്റെ പരിക്കിനെക്കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ബി.സി.സി.ഐയുടെ മെഡിക്കല്‍ ടീം താരത്തെ നിരീക്ഷിക്കുന്നുണ്ട്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ആദ്യം നടക്കുക. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും പരമ്പരയിലുണ്ട്. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ചെന്നൈയിലാണ്. അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അഹമ്മദാബാദിലും നടക്കും. ടി20 മത്സരങ്ങളുടെ വേദിയും അഹമ്മദാബാദാണ്. പൂനെയിലാണ് ഏകദിനങ്ങള്‍. ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു.

Tags:    

Similar News