ഇന്ത്യയ്ക്ക് നാലു തലസ്ഥാനങ്ങൾ വേണം; പുതിയ ആവശ്യം ഉന്നയിച്ച് മമത ബാനർജി

നേതാജിയുടെ ജന്മദിനം പരാക്രം ദിവസ് ആക്കി മാറ്റിയതിൽ കേന്ദ്രം കൂടിയാലോചന നടത്തിയില്ല

Update: 2021-01-23 11:04 GMT
Advertising

ന്യൂഡൽഹി: ഇന്ത്യയ്ക്ക് നാലു ദേശീയ തലസ്ഥാനങ്ങൾ വേണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 124-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.

'ഇന്ത്യയ്ക്ക് ഊഴം തിരിച്ച് നാലു തലസ്ഥാനങ്ങൾ വേണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇംഗ്ലീഷുകാർ രാജ്യം മുഴുവൻ ഭരിച്ചത് കൊൽക്കത്തയിൽനിന്നാണ്. എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഒരു തലസ്ഥാനം മാത്രം?' - അവർ ചോദിച്ചു.

നമ്മൾ നേതാജിയുടെ ജന്മദിനം ദേശനായക് ദിവസ് ആയാണ് ആഘോഷിക്കുന്നത്.ഈ ദിവസം ദേശീയ അവധിയായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണം. നേതാജിയുടെ ജന്മദിനം പരാക്രം ദിവസ് ആക്കി മാറ്റിയതിൽ കേന്ദ്രം കൂടിയാലോചന നടത്തിയില്ല. എന്തു കൊണ്ടാണ് ദേശനായക് ദിനമായി ആചരിക്കുന്നത് എന്നറിയുമോ? രബീന്ദ്രനാഥ ടാഗോർ അങ്ങനെയാണ് നേതാജിയെ വിളിച്ചിരുന്നത്- മമത വ്യക്തമാക്കി.

നേതാജിയെപ്പോലെ ദേശസ്‌നേഹമുള്ള ചുരുക്കം ചിലരേ ഉള്ളൂ. ജന്മദിനം അറിയാമെങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പലർക്കുമറിയില്ല. നേതാജിയുടെ വീക്ഷണമായിരുന്ന ആസൂത്രണ കമ്മിഷന്‍ എന്തിനാണ് പിരിച്ചുവിട്ടത്. തെരഞ്ഞെടുപ്പിൽ മാത്രമല്ല അദ്ദേഹത്തെ ഓർക്കേണ്ടത്. 365 ദിവസവും നേതാജി നമ്മുടെ ഹൃദയത്തിലുണ്ട്- അവർ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് മുമ്പിൽക്കണ്ട് ബിജെപിയും നേതാജി ജന്മദിനാഘോഷം കൊണ്ടാടുന്ന വേളയിലാണ് മമതയുടെ വിമർശനങ്ങൾ.

Tags:    

Similar News