മലബാറും മഅ്ബറും; കായല്‍പട്ടണത്ത് എത്തിയ മരക്കാരുമാര്‍

കായല്‍പട്ടണം സ്വദേശിയും എഴുത്തുകാരനും ഗവേഷകനും കായല്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ഭാരവാഹിയുമായ സാലൈ ബഷീറുമായി അഫ്‌ലഹ് സമാന്‍ നടത്തിയ അഭിമുഖം.

Update: 2023-12-18 04:09 GMT
Advertising

മലബാര്‍-മഅ്ബര്‍ ബന്ധത്തെ കുറിച്ച്?

പേരില്‍ നിന്ന് തന്നെ തുടങ്ങാം. മധ്യകാല അറബി സഞ്ചാരികളാണ് കേരള തീരത്തെ സൂചിപ്പിക്കാന്‍ മലബാര്‍ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ഇതേ അറബി-പേര്‍ഷ്യന്‍ സഞ്ചാരികള്‍ തന്നെയാണ് തെക്ക്-കിഴക്കന്‍ തീരദേശമായ കോറൊമാണ്ടല്‍ കോസ്റ്റിനെ സൂചിപ്പിക്കാന്‍ മഅ്ബര്‍  എന്നും ഉപയോഗിക്കുന്നത്. മലബാറിലെ പ്രധാന തുറമുഖം കോഴിക്കോടും മഹ്ബറിലേത് കായല്‍പട്ടണവും ആയിരുന്നു.

മലബാറും മഅ്ബറും തമ്മില്‍ ഒരുപാട് കൊടുക്കല്‍ വാങ്ങലുകള്‍ നടന്നതായി ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും. കോഴിക്കോട് സമൂതിരിയുടെ നാവികപ്പടയായിരുന്ന മരക്കാരുമാര്‍ കച്ചവടാവശ്യര്‍ഥം കൊച്ചിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടേക്കും കുടിയേറിയവരാണ്.

മലബാറിലെ ഇസ്‌ലാമിക പണ്ഡിത പാരമ്പര്യത്തിലെ സുപ്രധാന കണ്ണികളായ മഖ്ദൂമുമാരും മലബാറില്‍ എത്തുന്നത് സമാനമായ കാരണങ്ങള്‍ കൊണ്ട് തന്നെയായിരുന്നു. 1341 ലുണ്ടായ പ്രളയത്തിന്റെ ഫലമായി മുസ്‌രിസ് തുറമുഖത്തിന്റെ തകര്‍ച്ചയുണ്ടായി. ഇതാണ് പിന്നീട് കൊച്ചിയെ ഒരു വ്യാപാര കേന്ദ്രമാക്കി മാറ്റുന്നതില്‍ പ്രധാന ഘടകമായി വര്‍ത്തിച്ചത്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിലും മഅ്ബറിലേക്ക് വിവിധങ്ങളായ സഹായങ്ങള്‍ മലബാറില്‍ നിന്നും ഉണ്ടായിട്ടുണ്ട് എന്ന് ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ വ്യത്യസ്ത തലങ്ങളിലൂടെയുള്ള അന്വേഷണങ്ങളിലൂടെ നമുക്ക് ഇനിയും ഒരുപാട് കണ്ടെത്താനാകും.

ഒരു എഴുത്തുകാരനില്‍ നിന്നും ചരിത്രാന്വേഷകനിലേക്കുള്ള താങ്കളുടെ യാത്രയെ പറ്റി?

അടിസ്ഥാനപരമായി ഞാന്‍ ഒരു എഴുത്തുകാരന്‍ മാത്രാമാണ്. ഫിക്ഷനും യാത്രാ വിവരണങ്ങളുമാണ് ഞാന്‍ സാധാരണയായി എഴുതാറുള്ളത്. എന്നാല്‍, ഒരിക്കല്‍ ഒരു സുഹൃത്തില്‍ നിന്നും എനിക്ക് വളരെ യാദൃശ്ചികമായി തുഹ്ഫതുല്‍ മുജാഹിദീനിന്റെ തമിഴ് തര്‍ജമ പതിപ്പ് കിട്ടി. അതിലെ ചില ഭാഗങ്ങള്‍ എന്നില്‍ കൗതുകമുണര്‍ത്തി - 'കായല്‍ പട്ടണത്തെ ആക്രമിക്കാനെത്തിയ പോര്‍ച്ചുഗീസുകാരെ തുരത്താന്‍ കോഴിക്കോട് നിന്നും മരക്കാന്മാര്‍ എത്തി. ആദ്യ ശ്രമത്തില്‍ ശ്രീലങ്കയില്‍ വച്ച് അവരെ പോര്‍ച്ചുഗീസുകാര്‍ ആക്രമിച്ചു പരാജയപ്പെടുത്തുകയും കപ്പല്‍ കത്തിക്കുകയും ചെയ്തു. എന്നാല്‍, രണ്ടാം തവണ പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തി മരക്കാരുമാര്‍ വിജയിച്ചു!'

ഇത് എന്നില്‍ വല്ലാത്ത ഞെട്ടലുണ്ടാക്കി. മഹ്ബറുമായി നേരിട്ട് ബന്ധമൊന്നുമില്ലാത്ത മരക്കാരുമാര്‍ എന്തിനാണ് അവിടെ നിന്നും ഇങ്ങോട്ട് പോരാടാനെത്തിയത്? എന്തിനാണവര്‍ രക്തസാക്ഷിത്വം വഹിച്ചത്? ഭാഷാപരയാമോ മറ്റോ അവര്‍ക്ക് മഅ്ബറുമായി ബന്ധമൊന്നുമില്ല എന്നത് നമ്മള്‍ ഓര്‍ക്കണം. എട്ട് വര്‍ഷം മുമ്പാണ് ഈ സംഭവമുണ്ടാകുന്നത്. ആ സംഭവമാണ് എന്നെ ചരിത്രാന്വേഷണത്തിലേക്കും മറ്റു പഠനങ്ങളിലേക്കുമെത്തിച്ചത്.

എന്തൊക്കെയാണ് താങ്കളുടെ പ്രധാന ഗവേഷണ വിഷയങ്ങള്‍?

ഇസ്‌ലാം എത്തുന്നതിന് മുമ്പ് തന്നെ ഈ തീരങ്ങളില്‍ അറബികള്‍ വരാറുണ്ടായിരുന്നുവെന്ന് ലഭ്യമായ ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. മലബാര്‍, ലക്ഷദ്വീപ്, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ പ്രദേശങ്ങളുമായെല്ലാം അവര്‍ക്ക് കച്ചവട ബന്ധമുണ്ടായിരിന്നു. ഇവയെല്ലാം വിവിധ രാജ്യങ്ങളായും പ്രദേശങ്ങളായും മാറിയെങ്കിലും മുമ്പ് എല്ലാം ഒരു നിലമായിരുന്നു.

മഅ്ബറുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ തന്നെ കായല്‍ പട്ടണം, കീഴക്കര, നാഗ പട്ടണം എന്നിവിടങ്ങളിലെല്ലാം തുറമുഖങ്ങളുണ്ടായിരുന്നു. അറബികളും പേര്‍ഷ്യക്കാരും അടക്കമുള്ള വിദേശികള്‍ കച്ചവടത്തിനായി ഇവിടങ്ങളിലെല്ലാം എത്തിയതായാണ് മനസിലാക്കപ്പെടുന്നത്. ഇതില്‍ ഊന്നിക്കൊണ്ടാണ് എന്റെ അന്വേഷണങ്ങള്‍ മുന്നോട്ട് പോകുന്നത്. വിദേശികള്‍ വിശിഷ്യ, അറബികളുമായി ഉണ്ടായിരിന്ന കച്ചവട ബന്ധം, അതിലൂടെ ഉണ്ടായ ഇസ്‌ലാമിന്റെ കടന്ന് വരവും വളര്‍ച്ചയും, സൂഫികളുടെ വരവും സ്വാധീനവും, ഈ പ്രദേശങ്ങളില്‍ ഉണ്ടായ കോളണിയല്‍ വിരുദ്ധ സമരങ്ങള്‍ എന്നിവയിലാണ് ഞാന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നത്. 


കായല്‍ പട്ടണത്തിലെ ജനങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി സവിശേഷമായ സംസ്‌കാരവും രീതികളും ഉള്‍കൊള്ളുന്നവരാണ്. അതിന്റെ കാരണമെന്ത്? അവരുടെ തനത് സാംസ്‌കാരം ഇന്നും അതേ രൂപത്തില്‍ നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ്?

ചരിത്രത്തില്‍ വിവിധങ്ങളായ ജനസമൂഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. നോബിള്‍ കമ്യൂണിറ്റി, റോയല്‍ കമ്യൂണിറ്റി തുടങ്ങിയവയെല്ലാം അത്തരത്തില്‍ സവിശേഷമായ സ്വഭാവങ്ങള്‍ ഉണ്ടായിരുന്നവയാണ്. എന്നാല്‍, കാലാന്തരത്തില്‍ അത്തരം സമൂഹങ്ങള്‍ പല മാറ്റങ്ങള്‍ക്കും വിധേയമായി. പക്ഷെ, കായല്‍ പട്ടണത്തിലേത് ആയിരം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും മായാതെ അതിന്റെ എല്ലാ തനിമയോട് കൂടിയും നിലനില്‍ക്കുന്നു.

ഇതിന് നിരവധി കാരണങ്ങളുണ്ട്. കായല്‍ പട്ടണം എന്നത് മഅ്ബര്‍ പ്രദേശത്തിന്റെ സാംസ്‌കാരിക ആസ്ഥാനമായാണ് നിലനിന്നിരുന്നത്. മാത്രവുമല്ല, അവര്‍ വലിയ ജനസമൂഹമായിരുന്നു. ഈ പ്രാധാന്യം കൊണ്ടും ജനസമൂഹത്തിന്റെ നിലനില്‍പ് കൊണ്ടും, കൂടാതെ അന്നാട്ടുകാര്‍ കായല്‍ പട്ടണത്തെ അതിന്റെ സാംസ്‌കാരിക വൈവിധ്യത്തെ അഭിമാനമായാണ് കണ്ടിരുന്നത് ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ഇന്നും കായല്‍ പട്ടണം അതിന്റെ സാംസ്‌കാരിക തനിമയോടെ നിലനില്‍ക്കുന്നത്. കായല്‍ പട്ടണത്തില്‍ കുറ്റകൃത്യങ്ങള്‍ നടക്കാറില്ല. മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയ യാതൊന്നും നമുക്കവിടെ കാണാന്‍ കഴിയുകയില്ല. ഇത്തരം പ്രത്യകതകള്‍ ആ നാടിന്റെ സാംസ്‌കാരികമായ സവിശേഷത മൂലമാണെന്നാണ് അന്നാട്ടുകാര്‍ വിശ്വസിക്കുന്നത്. ഓരോ കായല്‍ പട്ടണം നിവാസിയും അതില്‍ സ്വയം അഭിമാനമുള്ളവരാണ്.

കായല്‍ പട്ടണത്തിന്റെ പ്രത്യേകതകള്‍ അവിടെ അവസാനിക്കുതല്ല. ഒരു ഗെറ്റോ മൈനോരിറ്റി എന്ന നിലയില്‍ മറ്റു സമൂഹങ്ങളോട്, മറ്റു മുസ്‌ലിംകളോട് തന്നെയും സാമ്പത്തികമായും സാമൂഹികമായുമുള്ള ഇടപാടുകള്‍ ഉള്ളപ്പോഴും വിവാഹം പോലെയുള്ളവയില്‍ അവര്‍ വളരെ വ്യത്യസ്തമായ സമീപനം ഉള്ളവരാണ്.

വിവാഹം പോലെയുള്ള വ്യവഹാരങ്ങള്‍ തൊണ്ണൂറ്റി ഒന്‍പത് ശതമാനവും അവര്‍ പരസ്പരം തന്നെയാണ് നടക്കാറുള്ളത്. വധു-വരന്മാര്‍ പ്രത്യേക പ്രദേശങ്ങളില്‍ നിന്നു തന്നെയുള്ളവരായിരിക്കും. പ്രിഫറന്‍ഷ്യല്‍ മാരേജ് എന്ന് പറയാവുന്നതാണ്. ഇതും സംസ്‌കാരികമായ തനതിനെ നിലനിര്‍ത്തുന്ന ഒരു പ്രധാന ഘടകമാണ്. മാത്രവുമല്ല, വിവാഹം മറ്റു വിരുന്നുകള്‍ തുടങ്ങിയവയില്‍ ക്ഷണിക്കപ്പെടേണ്ടവരുടെ ഒരു പ്രത്യേക പട്ടിക (വാന്തവം) തന്നെ ഉണ്ടായിരിക്കും. ഈ പട്ടികയില്‍ പുറത്ത് നിന്നുള്ളവര്‍ ഉണ്ടാവുകയില്ല. തലമുറകളായി (ഇരുന്നൂറ് - മുന്നൂറ് വര്‍ഷം) അവിടെ ജീവിക്കുന്നവര്‍ മാത്രമേ പട്ടികയില്‍ ഉള്‍പ്പെടൂ. വ്യത്യസ്തങ്ങളായ ഇടപാടുകള്‍ ഇതര സമൂഹങ്ങളുമായി അവര്‍ നടത്തുന്നുണ്ടെങ്കില്‍ തന്നെയും ഇത്തരത്തിലുള്ള രീതികള്‍ അവരെ വളരെ എക്‌സ്‌ക്ലൂസീവായ ഒരു സമൂഹമാക്കി മാറ്റുന്നു.

ചരിത്ര പഠനത്തില്‍ കൊളോണിയല്‍ ചരിത്ര രേഖകളെ അവലംബമായി എടുക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം? അതിലെ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്?

വാസ്‌കോഡഗാമ കോഴിക്കോട്ടേക്ക് നടത്തിയ ആദ്യ കപ്പല്‍ യാത്രയുടെ വിവരണം ഞാന്‍ വായിക്കാനിടയായി. സംസ്‌കാരികവും ഭൂമിശാസ്ത്രപരവും സാങ്കേതികവും തുടങ്ങി അദ്ദേഹം ഇവിടെ കണ്ട വ്യത്യസ്തതകളെയും ഇവിടെ ലഭ്യമായ വസ്തുക്കളെ/ഉല്‍പന്നങ്ങളെ പറ്റിയുമാണ് അതിലെ പ്രധാന വര്‍ണ്ണനകള്‍. എന്നാല്‍, അതിനെല്ലാമുപരിയായി ഇവിടെത്തെ തദ്ദേശീയരായിരുന്ന ജനസമൂഹങ്ങളെ പറ്റിയുള്ള വിശദീകരണങ്ങള്‍ തികച്ചും വസ്തുത വിരുദ്ധവും അനീതി നിറഞ്ഞതുമായിരുന്നു. പ്രാകൃതരും, ക്രൂരന്‍മാരും ആക്രമണോത്സുകരുമായാണ് അവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇത് തികഞ്ഞ കോളനീകരണ മനോഭാവത്തില്‍ നിന്നും ഉണ്ടായതാണ്. ഇത്തരം മുന്‍വിധികള്‍ അവരുടെ ചരിത്ര ആഖ്യാനങ്ങളിലും ചരിത്ര രേഖകളിലും വരെ നമുക്ക് കാണാനാകും.

ഈ പ്രശ്‌നം സ്വാഭാവികമായും നമ്മുടെ ചരിത്ര പഠനങ്ങളില്‍ പ്രതിഫലിക്കും. വാമൊഴി വരമൊഴി, കഥകള്‍ തുടങ്ങിയവയിലൂടെ നമുക്കീ പരിമിതിയെ ഏറെക്കുറെ മറികടക്കാമെങ്കിലും അവ ചിലപ്പോഴൊക്കെ അപര്യാപ്തമാവാം. മഅ്ബറുമായി ബന്ധപ്പെട്ട എന്റെ അന്വേഷണങ്ങളെ അടിസ്ഥാനമാക്കി സംസാരിക്കുകയാണെങ്കില്‍ മാലകളില്‍ നിന്നും, വാമൊഴികളില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ വളരെ പരിമിതമാണ്. ഈ പ്രശ്‌നം നമ്മള്‍ ചരിത്ര പഠനത്തില്‍ പൊതുവായി അനുഭവിക്കുന്ന ഒന്നാണ്.

കൊളോണിയല്‍ ശക്തികള്‍ ഉണ്ടാക്കിയ ചരിത്ര രേഖകളെ സ്രോതസ്സായി പരിഗണിക്കുമ്പോള്‍ ഡാറ്റയെ ഡാറ്റയായി മാത്രം മനസിലാക്കുക. സംഭവങ്ങളെ എടുക്കുകയും ആഖ്യാനങ്ങളെ നിരൂപണ ബുദ്ധിയോടെ സമീപിക്കുകയും ചെയ്യുക. ഈ രീതി അവലംബിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഒരു പരിധിവരെ മറികടക്കാനാകും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍, ഇത്തരം വഴികളെ ശാശ്വത പരിഹാരമായി കാണാനുമാകില്ല. ചരിത്ര പഠനത്തില്‍ പുതിയ തുറവികള്‍ ഉണ്ടാകേണ്ടത് അനിവാര്യമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.

കായല്‍ പട്ടണവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ അതിന്റെ ഭാവിയെ താങ്കള്‍ എങ്ങിനെ നോക്കിക്കാണുന്നു?

ഞാന്‍ അന്വേഷണങ്ങള്‍ തുടങ്ങുന്ന കാലത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. മഅ്ബറിന്റെ, പ്രത്യേകിച്ചും കായല്‍ പട്ടണത്തിന്റെ ചരിത്രം, നരവംശ പഠനങ്ങള്‍ എന്നിവയ്ക്കായി നിരവധി ആളുകള്‍ ഇപ്പോള്‍ അവിടെ എത്തുന്നുണ്ട്. അത് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ഇത് മഅ്ബറില്‍  മാത്രമൊതുങ്ങുന്ന പഠനമല്ല. മറിച്ച് ഇത് നൂറ്റാണ്ടുകളുടെ ചരിത്രമാണ്. ഇന്ത്യയില്‍ തുടങ്ങി മലാക്ക (മലേഷ്യ) വരെ വ്യാപിച്ചു കിടക്കുന്ന തീരങ്ങളിലൂടെയുള്ള നിരന്തര അന്വേഷണത്തിലൂടെ മാത്രമേ നമുക്കീ ചരിത്രത്തെ മനസിലാക്കാന്‍ സാധിക്കൂ. സമുദ്രത്തിലൂടെ നടന്ന സാംസ്‌കാരിക, വാണിജ്യ വിനിമയങ്ങളുടെ ചരിത്രമാണിത്.

ഞങ്ങള്‍ നടത്തുന്നത് ആദ്യത്തെ ഒരു ചുവട് വെപ്പ് മാത്രമാണ്. കായല്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് സെന്റര്‍ അതിന്റെ മുന്നൊരുക്കവും. ഇപ്പോള്‍ നിരവധി ആളുകള്‍ ഈ വിഷയത്തില്‍ താല്‍പര്യം കാണിച്ചു മുന്നോട്ട് വരുന്നുണ്ട്. ഇക്കാലയളവില്‍ ഡോക്യുമെന്ററി അടക്കമുള്ള നിരവധി ശ്രമങ്ങള്‍ നടന്നു. ഈ യജ്ഞം വിജയത്തിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 




Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അഫ്‌ലഹ് സമാന്‍

Media Person

Similar News