നജീബിനെ തട്ടിക്കൊണ്ടു പോയതാകാമെന്ന് ഡല്‍ഹി പൊലീസ്

Update: 2018-06-05 11:11 GMT
Editor : Damodaran
നജീബിനെ തട്ടിക്കൊണ്ടു പോയതാകാമെന്ന് ഡല്‍ഹി പൊലീസ്
Advertising

നജീബിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും നജീബ് വിഷാദരോഗത്തിന് ചികിത്സ നടത്തുന്നുണ്ടായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍

കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ തട്ടിക്കൊണ്ടു പോയതാകാമെന്ന് ഡല്‍ഹി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നജീബിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും നജീബ് വിഷാദരോഗത്തിന് ചികിത്സ നടത്തുന്നുണ്ടായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ നജീബ് അഹമ്മദിനെ കഴിഞ്ഞ മാസം 15 നാണ് കാണാതായത്. നജീബിന്റെ മാതാവ് നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസിന്റെ 8 അംഗ സംഘം അന്വേഷണം നടത്തുന്നത്. അന്വേഷണം സംഘം ഡല്‍ഹി പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് യാതൊരു സൂചനയും ലഭ്യമായില്ല എന്ന് വ്യക്തമാക്കിയത്. നജീബ് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും നജീബിനെ തട്ടിക്കൊണ്ടുപോയതാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നജീബിനെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹി കമ്മീഷണര്‍ പറഞ്ഞു.

നജീബിനെ കാണാതായ രാത്രിയില്‍ നജീബിനെ മര്‍ദിച്ച എബിവിപി പ്രവര്‍ത്തകരെ കഴിഞ്ഞദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. നജീബിനെ കാണാതായ സംഭവത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആഭ്യന്തരമന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ട് കൈമാറണമെന്നാണ് രാഷ്ട്രപതി ആവശ്യപ്പെട്ടത്. നജീബ് തിരോധാനത്തില്‍ പൊലീസും സര്‍വകലാശാല അധികൃതരും ഒത്ത് കളിക്കുകയാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികളും പ്രതിഷേധം ശക്തമാക്കി

Writer - Damodaran

contributor

Editor - Damodaran

contributor

Similar News